തൊടുപുഴ : അയൽവാസിയെ കുത്തിപരിക്കേൽപിച്ച കേസിൽ പ്രതിക്ക് മൂന്നുവർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും ശിക്ഷിച്ചു. മുട്ടം ഇല്ലിചാരി ഭാഗത്ത് കട്ടക്കയത്ത് വീട്ടിൽ അജിയെ (49) യാണ് ഐ.പി.സി 324 വകുപ്പ് പ്രകാരം മൂന്നുവർഷം തടവിനും ഇരുപത്തയ്യായിരം രൂപ പിഴയും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണം.
മുട്ടം മൂന്നാം അഡീഷണൽ ജില്ലാ കോടതി ജഡ്‌ജി എസ്.എസ് സീനയാണ് വിധി പ്രസ്‌താവിച്ചത്. അയൽവാസിയായ കോതാനിയിൽ വീട്ടിൽ രാജീവിനെ കുത്തി പരിക്കേൽപ്പിച്ചു എന്നാണ് കേസ്. 2018 ഡിസംബർ 8 നാണ് കേസിന് ആസ്പദമായ സംഭവം.
പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ജില്ലാ ഗവൺമെൻ്റ് പ്ലീഡർ ജോണി അലക്‌സ് ഹാജരായി. മുട്ടം എസ് ഐ ആയിരുന്ന ബൈജു പി ബാബു ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
