ഈ വർഷത്തെ മിസ് വേള്‍ഡ് മത്സരത്തിന് ഇന്ത്യ ആതിഥേയത്വമരുളും


മുംബൈ : ഈ വർഷത്തെ മിസ് വേള്‍ഡ് മത്സരത്തിന് ഇന്ത്യ ആതിഥേയത്വമരുളും.
മുംബൈ  ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് മിസ് വേള്‍ഡ് ഗ്രാന്‍ഡ് ഫിനാലെ അരങ്ങേറുക.

മാര്‍ച്ച്‌ 9 ന് രാത്രി 7.30ന് തുടങ്ങുന്ന മത്സരം 10.30-ഓടെ അവസാനിക്കും. കഴിഞ്ഞ തവണ പോളണ്ടില്‍ ലോകസൗന്ദര്യ കിരീടമെത്തിച്ച കരോലിന ബിലാവ്‌സ്‌ക പുതിയ വിജയിയെ കിരീടം അണിയിക്കും. മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബ്യൂട്ടി വിത് എ പര്‍പസ് ചലഞ്ച് ഫെബ്രുവരി 21-ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലായിരിക്കും നടക്കുക.

വേള്‍ഡ് ടോപ്പ് ഡിസൈനര്‍ അവാര്‍ഡ്, മിസ് വേള്‍ഡ് ടോപ് മോഡല്‍, മിസ് വേള്‍ഡ് സ്‌പോര്‍ട്‌സ് ചലഞ്ച് തുടങ്ങിയ മത്സരങ്ങള്‍ ന്യൂഡല്‍ഹിയിലും മുംബൈയിലുമായും നടക്കും. ഇന്ത്യ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് പരിപാടികള്‍ ഏകോപിപ്പിക്കുന്നത്

ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കര്‍ണാടകയിലെ ഉടുപ്പിയില്‍ നിന്നുള്ള സിനി ഷെട്ടിയാണ്. മുന്‍ മിസ് കര്‍ണാടക കൂടിയായ അവര്‍ ഭരതനാട്യം നര്‍ത്തകി കൂടിയാണ്. നിരവധി പരസ്യചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. 112 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളോടാകും സിനി ഷെട്ടി മത്സരിക്കുക.

റെയ്ത ഫാരിയ, ഐശ്വര്യ റായ്, ഡയാന ഹെയ്ഡന്‍, യുക്താ മുഖി, പ്രിയങ്ക ചോപ്ര, മാനുഷി ഛില്ലര്‍ എന്നിവരാണ് ഇതിന് മുമ്പ് ലോക സൗന്ദര്യ കിരീടം ഇന്ത്യയിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!