അയോദ്ധ്യ ; അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാമക്ഷേത്രത്തിനരെ ചിത്രങ്ങളെല്ലാം ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിലെല്ലാം വൈറലായി കഴിഞ്ഞു. ക്ഷേത്ര സമുച്ചയത്തിൻറെ ചിത്രങ്ങൾ കണ്ട് ലോകം വികാരഭരിതമായി കൈകൂപ്പുകയാണ്. ലോകത്തിൻറെ മുഴുവൻ കണ്ണുകളും ഇന്ന് അയോദ്ധ്യപുരിയിലേക്ക് നോക്കിയിരിക്കുകയാണ്. പ്രതിഷ്ഠാ കർമ്മത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ അയോദ്ധ്യയിലേക്കെത്തിചേരും.
അയോദ്ധ്യയിൽ ഇന്ന് നടക്കുന്ന ചടങ്ങുകൾ
മംഗളധ്വനിയോടെ ചടങ്ങുകൾ ആരംഭിക്കും. പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാവിലെ 10 മുതൽ ‘മംഗളധ്വനി മുഴക്കു’മെന്ന് ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഏകദേശം രണ്ട് മണിക്കൂർ നേരം മംഗളധ്വനി മുഴങ്ങും. ധോലക്കും വീണയും ഓടക്കുഴലുമെല്ലാം ചേർന്നാണ് മംഗളധ്വനി മുഴക്കുക. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 50-ലധികം മനംമയക്കുന്ന വാദ്യോപകരണങ്ങളാണ് മംഗളധ്വനിയിൽ ഉപയോഗിക്കുന്നത്.
രാവിലെ 10.30ന് തന്നെ അതിഥികൾ രാമജന്മഭൂമി സമുച്ചയത്തിൽ പ്രവേശിക്കണം. ശ്രീരാമജന്മഭൂമി തീർഥക്ഷേത്രം നൽകുന്ന ക്ഷണപത്രിക മുഖേന മാത്രമേ പ്രവേശനം സാധ്യമാകൂ. ക്ഷണക്കത്ത് ഉപയോഗിച്ച് പ്രവേശന കവാടത്തിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്‌തതിന് ശേഷം മാത്രമേ പരിസരത്തേക്ക് പ്രവേശനം സാധ്യമാകൂ. പ്രവേശനരീതികളെല്ലാം ക്ഷേത്ര ട്രസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 12:20 ന് രാം ലല്ലയുടെ സമർപ്പണ ചടങ്ങുകൾ ആരംഭിക്കും. കാശി പണ്ഡിതനായ ഗണേശ്വർ ശാസ്ത്രി ദ്രാവിഡാണ് രാംലല്ലയുടെ ജീവിത സമർപ്പണ സമയം നിശ്ചയിച്ചിരിക്കുന്നത്. അഭിജിത്ത് മുഹൂർത്തം, ഇന്ദ്രയോഗം, മൃഗശിര നക്ഷത്രം, മേട ലഗ്നം, വൃശ്ചിക നവാംശം പൗഷമാസ ദ്വാദശി തിഥിയിൽ (22 ജനുവരി 2024) പ്രാണപ്രതിഷ്ഠ നടക്കും.
12:29 മിനിറ്റ് 08 സെക്കന്റ് മുതൽ 12:30 മിനിറ്റ് 32 സെക്കൻഡ് വരെ മാത്രമായിരിക്കും ശുഭമുഹൂർത്തം. അതായത് പ്രാണ പ്രതിഷ്ഠയ്ക്ക് 84 സെക്കൻഡ് മാത്രമാണ് ശുഭമുഹൂർത്തം. പൂജാ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീരാമലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കും. പ്രശസ്ത വൈദിക ആചാര്യനായ ഗണേശ്വർ ദ്രാവിഡിന്റെയും കാശിയിലെ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിതിന്റെയും നേതൃത്വത്തിൽ 121 വൈദിക ആചാര്യന്മാർ ഈ ചടങ്ങിൽ മന്ത്രോച്ചാരണം നടത്തും. ഈ ചടങ്ങിൽ ഭാരതത്തിലെ 150-ലധികം വിവിധ സമ്പ്രദായ, പാരമ്പര്യങ്ങളിൽ നിന്നുള്ള സംന്യാസിമാരും മതനേതാക്കളും പങ്കെടുക്കും. 50-ലധികം ഗോത്ര, തീര, ദ്വീപ്, പാരമ്പര്യങ്ങളിൽ നിന്നുള്ള ആചാര്യ പ്രമുഖരും പങ്കെടുക്കുന്നുണ്ട്.
പ്രാണ പ്രതിഷ്ഠയുടെ മുഴുവൻ പരിപാടികളും ഉച്ചയ്ക്ക് ഒരുമണിക്ക് പൂർത്തിയാക്കുമെന്ന് ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
എല്ലാ പൂജാ ചടങ്ങുകളും അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് സർസംഘ ചാലക് മോഹൻജി ഭഗവത് എന്നിവർ സന്ദേശം നൽകും.
ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസ് അനുഗ്രഹ പ്രഭാഷണം നടത്തും.
പ്രധാനമന്ത്രി ഇന്ന് നാല് മണിക്കൂർ അയോദ്ധ്യയിൽ ഉണ്ടാകും. രാവിലെ 10:25 ന് പ്രധാനമന്ത്രി അയോദ്ധ്യ വിമാനത്താവളത്തിലെത്തും, 10:55 ന് രാമജന്മഭൂമിയിലെത്തും എന്നാണ് ലഭിക്കുന്ന വിവരം. അഭിഷേക ചടങ്ങുകൾക്ക് ശേഷം പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്യും. ഇതിന് ശേഷം പ്രധാനമന്ത്രി മോദി കുബേർ തില സന്ദർശിച്ച ശേഷം ഉച്ചയ്ക്ക് 2:10 ന് ഡൽഹിയിലേക്ക് തിരിച്ചുപോകും.