തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള തീരുമാനം ഫണ്ട് ലഭ്യമാക്കാന്‍ വേണ്ടിയുള്ള തന്ത്രപരമായ നീക്കമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പദ്ധതിയില്‍ ഒപ്പിടാത്തതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് ആവശ്യമായ ഫണ്ട് തടഞ്ഞുവച്ചു. കുട്ടികള്‍ക്ക് അവകാശപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല. എന്നാല്‍ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പിഎം ശ്രീ പദ്ധതിയില്‍ ഭാഗമായെങ്കിലും കേന്ദ്രത്തിന്റെ രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങില്ല. രാഷ്ട്രീയ സമ്മര്‍ദത്തിന്റെ പേരില്‍ കുട്ടികളുടെ ഭാവി പന്താടാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്നും വി ശിവന്‍കുട്ടി പ്രതികരിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്തിന് അര്‍ഹമായ കോടിക്കണക്കിന് രൂപയാണ് കേന്ദ്രം തടഞ്ഞുവച്ചത്.
2023-24 വര്‍ഷത്തില്‍ 188.58 കോടിയും 2024-25 വർഷത്തില്‍ 518.54 കോടിയും 2025-26 കാലത്ത് 456.01 കോടി രൂപയുമായിരുന്നു കേരളത്തിന് ലഭിക്കേണ്ടിയിരുന്നത്. ഇക്കാലയളവില്‍ ആകെ 1158.13 കോടി രൂപ കേരളത്തിന് നഷ്ടമായെന്നും മന്ത്രി വിശദീകരിച്ചു. പിഎം ശ്രീ പദ്ധതിയില്‍ 2027 മാര്‍ച്ചില്‍ അവസാനിക്കും. ഇക്കാലയളവിലേക്കായി 1476. 13 കോടി സംസ്ഥാനത്തിന് ലഭിക്കും. കരാരില്‍ ഒപ്പുവച്ചതോടെ സമഗ്ര ശിക്ഷ അഭിയാന്‍ കേരളയ്ക്ക് 973 കോടി ഉടന്‍ ലഭിക്കുമെന്നും മന്ത്രി വിശദീകരിച്ചു. പിഎം ശ്രീയുടെ ഭാഗമായതോടെ ദേശീയ വിദ്യാഭ്യാസ നയം 2020 അംഗീകരിച്ചു എന്ന തരത്തിലുള്ള വാദം സാങ്കേതികം മാത്രമാണെന്നും മന്ത്രി അറിയിച്ചു. സ്‌കൂളില്‍ മോദിയുടെ പേരും പടവും വയ്ക്കില്ലെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനം അതികഠിനമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ, അവകാശപ്പെട്ട ആയിരത്തി നാന്നൂറ് കോടിയിലധികം രൂപ വേണ്ടെന്ന് വെച്ച് നമ്മുടെ കുട്ടികളെ പ്രതിസന്ധിയിലാക്കാൻ ഈ സർക്കാരിന് സാധ്യമല്ല. പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിടുമ്പോഴും, കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ മതനിരപേക്ഷ, ജനാധിപത്യ, ശാസ്ത്രീയ ഉള്ളടക്കത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്നും കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നതായും മന്ത്രി വിശദീകരിച്ചു.
കേന്ദ്രം ഫണ്ട് തടഞ്ഞുവയ്ക്കുന്നത് പൊതുവിദ്യാലയങ്ങളിലെ നാൽപത് ലക്ഷത്തോളം വരുന്ന പാർശ്വവൽക്കൃത വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളെ നേരിട്ട് ബാധിക്കും. അഞ്ച് ലക്ഷത്തി അറുപത്തിയൊന്നായിരം പട്ടികജാതി/പട്ടികവർഗ്ഗ കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ. ഒരു ലക്ഷത്തി എണ്ണായിരം ഭിന്നശേഷി കുട്ടികൾക്കുള്ള പ്രത്യേക പിന്തുണ, തെറാപ്പി സൗകര്യങ്ങൾ, സഹായ ഉപകരണങ്ങൾ എന്നിവയേയും ബാധിക്കും.
വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള സൗജന്യ യൂണിഫോം, പാഠപുസ്തകം, പെൺകുട്ടികൾക്കുള്ള അലവൻസുകൾ, പ്രീ-പ്രൈമറി വിദ്യാഭ്യാസം, അധ്യാപക പരിശീലനം, പരീക്ഷാ നടത്തിപ്പ് തുടങ്ങി പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ പ്രവർത്തനങ്ങളെയാണ് ഈ ഫണ്ടിന്റെ അഭാവം തകർക്കുന്നത്. നമ്മുടെ കുട്ടികളുടെ ഭാവി പന്താടിക്കൊണ്ട് ഒരു രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങാൻ കേരളം തയ്യാറല്ല.
ഈ ഫണ്ട് ഏതെങ്കിലും പാർട്ടിയുടെ ഔദാര്യമല്ല, മറിച്ച് കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നുള്ള, നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട വിഹിതമാണ്. ആ അവകാശം നേടിയെടുക്കുക എന്നത് ഒരു ജനകീയ സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും വി ശിവൻകുട്ടി വിശദീകരിച്ചു.
