ആവേശക്കടലായി തലസ്ഥാന നഗരി… സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കം…

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. ധനമന്ത്രി കെ എൻ ബാലഗോപാൽ കായിക മേള ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫു‍‍ട്ബോൾ താരം ഐഎം വിജയനും മന്ത്രി വി ശിവൻ കുട്ടിയും ചേർന്ന് ദീപശിഖ തെളിയിച്ചു. കായിക മേളയിൽ തീം സോങും അവതരിപ്പിച്ചു. ഇതാദ്യമായാണ് സ്കൂൾ കായിക മേളയിൽ തീം സോങ് അവതരിപ്പിക്കുന്നത്. കായിക മേളയിൽ നടന്ന മാർച്ച് പാസ്റ്റിൽ കോഴിക്കോട് ജില്ലയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. വയനാടിന് രണ്ടാം സ്ഥാനവും കണ്ണൂരിന് മൂന്നാം സ്ഥാനവും ലഭിച്ചു.

ഏഴ് നാൾ പന്ത്രണ്ട് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഇരുപതിനായിരത്തോളം കുട്ടികളാണ് മത്സരത്തിനിറങ്ങുക. സെൻട്രൽ സ്റ്റേഡിയത്തിലും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങൾ നടക്കുക. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ഇൻക്ലൂസീവ് സ്പോർട്സ് ഇനങ്ങളുമുണ്ട്. അതിൽ 1944 കുട്ടികളാണ് മത്സരിക്കുന്നത്.

ഗൾഫിലെ ഏഴ് സ്കൂളുകളിൽ നിന്ന് 39 കുട്ടികളും മത്സരത്തിനുണ്ട്. വിജയികൾക്ക് ഇതാദ്യമായി 117.5 പവന്‍റെ സ്വര്‍ണക്കപ്പും സമ്മാനിക്കും. പുത്തരിക്കണ്ടത്താണ് ഭക്ഷണശാല. ഒരേ സമയം കാൽ ലക്ഷത്തോളം പേർക്ക് കഴിക്കാം. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകം. സഞ്ജു സാംസണും കീർത്തി സുരേഷുമാണ് മേളയുടെ അംബാസഡർമാര്‍. നാളെ മുതൽ മത്സരങ്ങൾ തുടങ്ങും. 23നാണ് ട്രാക്കുണരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!