രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ഗുജറാത്തില്‍ മന്ത്രി; 26 പേരെ ഉള്‍പ്പെടുത്തി ഭൂപേന്ദ്ര പട്ടേല്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ അടക്കം 26 പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഹര്‍ഷ സാംഘ് വി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭ പുനഃസംഘടനയ്ക്കായി  ഭൂപേന്ദ്ര പട്ടേല്‍  മന്ത്രിസഭയിലെ മന്ത്രിമാര്‍ ഇന്നലെ രാജിവെച്ചിരുന്നു.

ഗാന്ധിനഗറിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവവ്രത് പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഋഷികേശ് പട്ടേല്‍, കനുഭായ് ദേശായി, കുന്‍വര്‍ജി ബവാലിയ, പ്രഫുല്‍ പന്‍സേരിയ, പര്‍ഷോത്തം സോളങ്കി എന്നിവര്‍ പുതിയ മന്ത്രിസഭയിലും ഇടംപിടിച്ചിട്ടുണ്ട്.

2022ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജാംനഗര്‍ നോര്‍ത്തി മണ്ഡലത്തില്‍ നിന്നാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ റിവാബ ജഡേജ വിജയിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ കര്‍ഷന്‍ഭായ് കാര്‍മുറിനെ അരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് റിവാബ തോല്‍പ്പിച്ചത്.

കോണ്‍ഗ്രസില്‍ നിന്നും കഴിഞ്ഞ വര്‍ഷം ബിജെപിയിലെത്തിയ, പോര്‍ബന്തര്‍ എംഎല്‍എ അര്‍ജുന്‍ മോണ്ട് വാഡിയയും മന്ത്രിസഭയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഗുജറാത്ത് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ഭാവ് നഗര്‍ എംഎല്‍എയുമായ ജിത്തു വഘാനിയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തവരില്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!