ഭാരതം നമ്മുടെ അമ്മ, രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണം; ഔസേപ്പച്ചനും ഫക്രുദ്ദീൻ അലിയും ബിജെപി വികസന മുന്നേറ്റ ജാഥയിൽ

തൃശൂർ : ബിജെപിയുടെ വികസന മുന്നേറ്റ ജാഥയിൽ പങ്കെടുത്ത് സംഗീത സംവിധായകൻ ഔസേപ്പച്ചനും,  രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദ്ദീൻ അലിയും. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി ഗോപാലകൃഷ്ണ‌ൻ നയിക്കുന്ന ജാഥയിലാണ് ഇരുവരും പങ്കെടുത്തത്.

ഭാരതം നമ്മുടെ അമ്മയാണെന്നും നമ്മുടെ രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഔസേപ്പച്ചൻ പറഞ്ഞു. നല്ല രാഷ്ട്രീയക്കാരെ തനിക്ക് ഇഷ്ടമാണെന്ന് ഫക്രുദ്ദീൻ അലിയും പറഞ്ഞു. പോസിറ്റീവ് രാഷ്ട്രീയം ഇഷ്ടപ്പെടുന്ന ആളാണ് താൻ. കക്ഷി രാഷ്ട്രീയത്തിന് അപ്പുറം പരിപാടിയുടെ ആശയമാണ് തന്നെ ഈ വേദിയിലേക്ക് എത്തിച്ചതെന്ന് ഫക്രുദ്ദീൻ അലി വ്യക്തമാക്കി.

ഔസേപ്പച്ചനെയും ഫക്രുദ്ദീൻ അലിയെയും ബി ഗോപാലകൃഷ്ണൻ ബിജെപിയിലേക്ക് ക്ഷണിച്ചു. ബിജെപിയിൽ ചേർന്ന് നിയമസഭയിൽ മത്സരിക്കാനാണ് ക്ഷണം. വാതിൽ തുറന്നിട്ടിരിക്കുകയാണ്. മുണ്ട് പൊക്കി കാണിക്കുന്ന ആളുകളെ അല്ല കേരളത്തിന് ആവശ്യമെന്നും വികസനത്തിന്റെ കാഴ്ചപ്പാടിൽ പ്രവർത്തിക്കുന്ന ആളുകളെയാണ് ആവശ്യമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

ചടങ്ങിൽ സംസാരിച്ച ഔസേപ്പച്ചൻ ബി ഗോപാലകൃഷ്ണനെ പ്രശംസിച്ചു. ‘ഇന്ന് മറ്റു രാഷ്ട്രങ്ങൾക്ക് മുമ്പിൽ ഒരുപാട് വളർച്ച കണ്ടുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് നമ്മുടെ രാജ്യം അപ്പോൾ അതിനുള്ള തയ്യാറെടുപ്പ് കുറച്ചു കാലമായിട്ട് നടക്കുന്നു.  ഇനിയും അത് ഒരുപാട് ഉയരങ്ങളിലേക്ക് എത്തണം എല്ലാവരുടെയും സഹകരണം ഇവിടെ ആശയങ്ങൾക്ക് വ്യത്യാസം ഉണ്ടായിരിക്കാം ഒരു അമ്മ പെറ്റ മക്കൾക്ക് പലർക്കും പല ആശയങ്ങൾ പല ഇഷ്ടങ്ങൾ ഉണ്ടാവാം.

പക്ഷേ അവരുടെ കുടുംബത്തിനു വേണ്ടി അവർ ഒരുമിച്ച് പ്രവർത്തിക്കും. അതുതന്നെയാണ് നമ്മുടെ രാജ്യത്തിലെ ഓരോ ഭാരതീയനും ചെയ്യേണ്ട കടമ. പിന്നെ ഇതിനെ ഇന്ന് ഇവിടുത്തെ നേതൃത്വം വഹിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ബി ഗോപാലകൃഷ്‌ണൻ വക്കീൽ അദ്ദേഹം ഇതിന് ഏറ്റവും പ്രാപ്തനായ ഒരു വ്യക്തിയാണെന്ന് എനിക്ക് തോന്നുന്നു. കാരണം തന്റെ വ്യക്തിജീവിതത്തിൽ അദ്ദേഹം ചെയ്യുന്നതും എവിടെയൊക്കെ കുഴപ്പങ്ങളുണ്ടോ, ആർക്കെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടോ, ആർക്കെല്ലാം കംപ്ലൈന്റ് ഉണ്ടോ, ഇതെല്ലാം ശരിയാക്കുന്ന നല്ലൊരു തൊഴിലാണ് അദ്ദേഹം ചെയ്യുന്നത്. അതുതന്നെ അദ്ദേഹം നമ്മുടെ ജനങ്ങളുടെ ഇടയിൽ സമൂഹത്തിന്റെ ഇടയിൽ പബ്ലിക് ആയിട്ട് അദ്ദേഹം നമുക്ക് വേണ്ടി പ്രവർത്തിക്കുന്നു.  അദ്ദേഹത്തിന് നല്ല ചിന്താശക്തിയുണ്ട്, അതിനുള്ള ദൃഢ നിശ്ചയമുണ്ടെന്ന് ഔസേപ്പച്ചൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!