വിഷ സിറപ്പ് കമ്പനിക്ക് പൂട്ടിട്ട് തമിഴ്‌നാട് സര്‍ക്കാര്‍; ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ലൈസന്‍സ് റദ്ദാക്കി

ചെന്നൈ: രാജ്യത്ത് ഇരുപതോളം കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ചുമ സിറപ്പ് കോള്‍ഡ്രിഫ് നിര്‍മാണ കമ്പനി അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് തമിഴ്‌നാട് സര്‍ക്കാര്‍. ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ നിര്‍മ്മാണ ലൈസന്‍സ് റദ്ദാക്കി. മരുന്ന് നിര്‍മാണ കമ്പനിക്ക് ഗുണ നിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

മരുന്ന് നിര്‍മാണത്തിന് കമ്പനി സ്വീകരിക്കുന്നത് അശാസ്ത്രീയമായ രീതികളാണ് എന്നും മികച്ച ലബോറട്ടറികള്‍ ഇല്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. കമ്പനിയുമായി ബന്ധപ്പെട്ട് ഗുരുതരമായ മൂന്നൂറുലധികം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായും തമിഴ്‌നാട് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ കഫ് സിറപ്പില്‍ 48.6 ശതമാനം ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ ആണ് കുട്ടികളെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് 0.1 ശതമാനമാണ് ഡൈഎത്തിലീന്‍ ഗ്ലൈക്കോളിന്റെ അനുവദനീയമായ സാന്നിധ്യം.

നിരവധി സംസ്ഥാനങ്ങളിലായി കുറഞ്ഞത് 20 കുട്ടികളുടെ മരണത്തിന് കാരണമായ മായം ചേര്‍ത്ത കോള്‍ഡ്രിഫ് കഫ് സിറപ്പ് നിര്‍മ്മിച്ച തമിഴ്‌നാട് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുടെ ഉടമ രംഗനാഥനെ കഴിഞ്ഞ ദിവസം മധ്യമപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മരുന്ന് നിര്‍മ്മാണ ലൈസന്‍സ് പൂര്‍ണ്ണമായും റദ്ദാക്കുകയും കമ്പനി അടച്ചു പൂട്ടുന്നത്. തമിഴ്നാട്ടിലെ മറ്റ് മരുന്ന് നിര്‍മ്മാണ കമ്പനികളില്‍ പരിശോധന ശക്തമാക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ആരോപണ വിധേയമായ കമ്പനിയാണ് ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്. ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കമ്പനിയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ പരിശോധന ഉള്‍പ്പെടെ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!