വിദ്യാഭ്യാസ രംഗത്തെ നാഴികക്കല്ല്, സ്‌കൂളുകള്‍ നവീകരിക്കപ്പെടും; പിഎം ശ്രീയില്‍ കേരളത്തെ പ്രശംസിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള കേരളത്തിന്റെ തീരുമാനത്തെ പ്രശംസിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിഷയം കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നതിനിടെയാണ് മന്ത്രാലയത്തിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉള്‍പ്പടെ ടാഗ് ചെയ്ത് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് മന്ത്രാലയത്തിന്റെ അഭിനന്ദന കുറിപ്പ്.

കേരളത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയുടെ നാഴികക്കല്ല് എന്നാണ് നടപടിയെ വിദ്യാഭ്യാസ മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ കേരളത്തിലെ സ്‌കൂളുകള്‍ക്ക് അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകും. സ്മാട്ട് ക്ലാസ് റൂമുകള്‍, അനുഭവ പഠനം, നൈപുണ്യ വികസനം എന്നിവ കേന്ദ്രീകരിച്ചുള്ള ദേശീയ വിദ്യാഭ്യാസ നയം പ്രകാരം സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാകും. നൂതനാശയങ്ങളെ പരിപോഷിപ്പിക്കുന്നതിലൂടെ വിദ്യാര്‍ഥികളുടെ ശോഭനമായ ഭാവിക്കായി ഗുണനിലവാരമുള്ളതും, സമഗ്രവുമായ വിദ്യാഭ്യാസം നല്‍കുന്നതിന് കേരളത്തിന് ഒപ്പം പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് എന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കേരളത്തില്‍ രാഷ്ട്രീയ തര്‍ക്കം തുടരുകയാണ്. മുന്നണിയിലും മന്ത്രിസഭയിലും എതിര്‍പ്പ് ഉന്നയിച്ചിട്ടും പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സിപിഐക്ക് കടുത്ത എതിര്‍പ്പാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!