ശബരിമല മോഷണത്തിൽ ദേവസ്വം മന്ത്രി വാസവനും പങ്ക്: ബിജെപി

തിരുവനന്തപുരം : കേരളത്തെ മുഴുവൻ കൊള്ളയടിച്ചു കഴിഞ്ഞപ്പോൾ ക്ഷേത്രങ്ങൾ കൂടി കൊള്ളയടിക്കുന്ന സിപിഎമ്മിനെതിരെ ശബ്ദമുയർത്തിയാൽ അവരെ തെരുവിൽ നേരിടാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

ദേവസ്വം മന്ത്രിയുടെ ഓഫീസിലേക്ക്  മാർച്ച് നടത്തിയാൽ ഡിവൈഎഫ്ഐ തടയാൻ ഇറങ്ങുന്നുവെങ്കിൽ മന്ത്രിക്ക് എന്തൊക്കെയോ മറയ്ക്കാൻ ഉണ്ടെന്ന് വ്യക്തം. ശബരിമലയിലെ മോഷണത്തിൽ വാസവൻ ഉൾപ്പെടെ പങ്കാളികളാണ്.

പ്രതിഷേധ മാർച്ച് കഴിഞ്ഞ് മടങ്ങിയ ബിജെപി പ്രവർത്തകരെ ഏറ്റുമാനൂരിൽ സിപിഎം പ്രവർത്തകർ മർദ്ദിച്ചത് അപലപനീയമാണ്. സ്ത്രീകളെയടക്കമാണ് സിപിഎം ഗുണ്ടകൾ കയ്യേറ്റം ചെയ്തത്. അതിക്രമം എല്ലാ പരിധികളും ലംഘിക്കുകയാണ്.

ആദ്യം പോലീസിനെ ഉപയോഗിച്ച് ബിജെപിയുടെ നാവിന് വിലക്കേർപ്പെടുത്താൻ നോക്കി അത് നടക്കില്ലെന്ന് ബോധ്യമായപ്പോഴാണ് സഖാക്കൾ തന്നെ കയ്യുടെ ബലത്തിൽ മുന്നോട്ട് ഇറങ്ങുന്നത്.

ക്രമസമാധാനം തകരാതിരിക്കേണ്ടത് ബിജെപിയുടെ മാത്രം ഉത്തരവാദിത്വമല്ല. ബിജെപിക്ക് വിരലിലെണ്ണാവുന്ന ആളുകൾ മാത്രം കേരളത്തിലുള്ളപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അതിക്രമങ്ങളെ ഭയന്നിട്ടില്ല.

അവിടെനിന്ന് ഇന്ന് ഒരുപാട് മുന്നോട്ടുപോയ ഭാരതീയ ജനതാ പാർട്ടിയെ കൈയ്യൂക്കു കാണിച്ച് ഭയപ്പെടുത്താൻ ശ്രമിച്ചാൽ അത് വിലപോകില്ല.

കള്ളത്തരങ്ങൾ ഓരോന്നായി പുറത്തുവരുന്നതിന്റെ അങ്കലാപ്പാണ് ആക്രമണങ്ങൾക്ക് പിന്നിൽ. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തെ അടിച്ചമർത്തുന്ന സിപിഎം ധാർഷ്ട്യം എന്ത് വിലകൊടുത്തും ചെറുത്ത് തോൽപ്പിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രസ്താവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!