‘കേരള’ കലഹം അതിര് കടക്കുന്നു…സിൻ്റിക്കേറ്റ് റൂമിൻ്റെ താക്കോൽ മോഷണം പോയി,  പൊലീസിൽ പരാതി…

തിരുവനന്തപുരം : കേരള സർവകലാശാലയിൽ ഇന്ന് നടന്ന സിൻ്റിക്കേറ്റ് യോഗം അലങ്കോലപ്പെട്ടതിന് പിന്നാലെ ഇടത് സിൻ്റിക്കേറ്റ് അംഗങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകി മിനി കാപ്പൻ . ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് റജിസ്ട്രാറുടെ ചുമതല വഹിക്കുന്ന മിനി കാപ്പൻ പൊലീസിൽ പരാതി നൽകിയത്.

ഇതിനിടെ സിൻ്റിക്കേറ്റ് റൂമിൻ്റെ താക്കോൽ മോഷണം പോയെന്ന് ആരോപിച്ച് സിൻ്റിക്കേറ്റിലെ ഇടത് നേതാവ് ജി മുരളീധരനും രംഗത്ത് വന്നു. നാളെ മുതൽ വിസിയുടെ മുറിയും തുറക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിസി മോഹനൻ കുന്നുമ്മലിൻ്റെ നിർദ്ദേശ പ്രകാരമാണ് മിനി കാപ്പൻ പൊലീസിൽ പരാതി നൽകിയത്. സർവകലാശാല ജീവനക്കാരെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് സിൻ്റിക്കേറ്റിലെ ഇടത് അംഗങ്ങളായ ഷിജു ഖാൻ, മുരളീധരൻ എന്നിവർക്കെതിരെ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് സിൻഡിക്കേറ്റ് റൂമിന്റെ താക്കോൽ കാണാനില്ലെന്നും മോഷണം പോയെന്നാണ് അറിയുന്നതെന്നും പറഞ്ഞ് ജി മുരളീധരൻ രംഗത്ത് വന്നത്.

അസാധാരണമായ ഒരു സംഭവമാണെന്നും ഇതിൽ ഒരുപാട് ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. റജിസ്ട്രാർ നൽകിയ കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് താക്കോൽ മോഷണം പോയിരിക്കുന്നത്. പല സുപ്രധാന രേഖകളും സിൻ്റിക്കേറ്റ് റൂമിൽ നിന്ന് കടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് താക്കോൽ മോഷണം പോയിരിക്കുന്നതെന്നാണ് ആക്ഷേപം.

വിസിയുടെ അറിവോടെയാണ് ഇത് നടന്നതെന്ന് സംശയിക്കുന്നു. പൊലീസിൽ പരാതി കൊടുത്ത് ഒരു സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!