‘രണ്ടു കൈയും ഇല്ലാത്തവന്റെ…’; ഭിന്നശേഷിക്കാരെ അവഹേളിച്ച് പിപി ചിത്തരഞ്ജന്‍ എംഎല്‍എ

തിരുവനന്തപുരം: നിയമസഭയില്‍ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന പരാമര്‍ശവുമായി ആലപ്പുഴയില്‍ നിന്നുള്ള സിപിഎം എംഎല്‍എ പി പി ചിത്തരഞ്ജന്‍. ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭയില്‍ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ പരിഹസിക്കാന്‍ ആയിരുന്നു ചിത്തരഞ്ജന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ അംഗത്തെ ബോഡി ഷെയിമിങ് നടത്തിയെന്ന വിഷയത്തില്‍ വിവാദം തുടരുന്നതിനിടെയാണ് ചിത്തരഞ്ജന്റെ പദപ്രയോഗങ്ങള്‍.

‘രണ്ട് കൈയും ഇല്ലാത്തവന്റെ ചന്തിയില്‍ ഉറുമ്പ് കയറിയാല്‍ ഉണ്ടാകുന്ന അവസ്ഥയിലാണ് പ്രതിപക്ഷം’ എന്നായിരുന്നു ചിത്തരഞ്ജന്റെ അധിക്ഷേപം. ചിത്തരഞ്ജന്റെ പ്രതികരണം സഭ്യേതരമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് തന്നെയാണ് ചിത്തരഞ്ജന്റെ പരാമര്‍ശത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രിമാരും ഭരണപക്ഷ അംഗങ്ങളും നിയമസഭയില്‍ സഭ്യേതരമായാണ് ഇടപെടുന്നത്. ഭരണപക്ഷത്ത് നിന്നും മോശം പരാമര്‍ശങ്ങള്‍ നിരന്തരം ഉണ്ടാകുമ്പോഴും സ്പീക്കര്‍ തടയാന്‍ ശ്രമിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

അതേസമയം, പി പി ചിത്തരഞ്ജന്റെ പരാമര്‍ശം സിപിഎമ്മിനെതിരെ ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. എംഎല്‍എയുടെ വാക്കുകള്‍ സിപിഎം നേതാക്കള്‍ സ്വയം അപരിഷ്‌കൃതരും അപ്രസക്തരുമാകുന്നതിന്റെ ഉദാഹരണമാണ് എന്നും നാടുമാറന്നത് ഇവര്‍ അറിയുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ബല്‍റാം ആരോപിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. പഞ്ച് ഡയലോഗുകള്‍ അടിക്കാനുള്ള ഈ വ്യഗ്രതയാണ് വിജയന്‍ മുതല്‍ ചിത്തരഞ്ജന്‍ വരെയുള്ള സിപിഎമ്മുകാരുടെ യഥാര്‍ത്ഥ പ്രശ്നം. കാരണം, വസ്തുതാപരമായ വാദങ്ങള്‍ക്കല്ല, ഇത്തരം ഡയലോഗുകള്‍ക്കും വീരസ്യം പറച്ചിലുകള്‍ക്കുമാണ് കയ്യടി കിട്ടുക എന്നാണവര്‍ ധരിച്ചു വച്ചിരിക്കുന്നത്, അഥവാ അങ്ങനെയാണ് അവരുടെ അണികളില്‍ നിന്ന് ഇതുവരെയുള്ള അനുഭവം എന്നും ബല്‍റാം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!