തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ കേസ് എടുത്ത സാഹചര്യത്തില്‍ ധാര്‍മ്മികതയുടെ പേരില്‍ മുകേഷ് രാജിവെച്ച് മാറിനില്‍ക്കണമെന്ന് സിപിഐ. മുകേഷിന്റെ രാജി ആവശ്യം ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി നിലപാട് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാന പ്രകാരമാണ് ബിനോയ് വിശ്വം നിലപാട് അറിയിച്ചത്. മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ കടുപ്പിച്ചതോടെ സിപിഎം കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണ്. ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുത്ത ആളെ സംരക്ഷിക്കുന്നത് ഇടതുപക്ഷ നിലപാട് അല്ലെന്നാണ് സിപിഐ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്.
മന്ത്രി ജെ ചിഞ്ചുറാണി, കമലാ സദാനന്ദൻ, പി വസന്തം എന്നിവർ സിപിഐ സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ മുകേഷിന്റെ രാജിവേണമെന്ന കർശന നിലപാടെടുത്തു. കോൺഗ്രസ് എംഎൽഎമാരായ എം വിൻസെന്റ്, എൽദോസ് കുന്നപ്പള്ളി എന്നിവർക്കെതിരേയുള്ള ആരോപണം, മുകേഷിന്റെ രാജി ഒഴിവാക്കാനുള്ള ന്യായീകരണമായി കണക്കാക്കാനാവില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
