സഹാരണ്‍പൂർ : മദ്യം വാങ്ങാൻ പണം നല്‍കാൻ വിസമ്മതിച്ചതിനെ തുടർന്ന് അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റില്‍. അക്ഷയ് ആണ് പൊലീസിൻ്റെ പിടിയിലായത്.ഉത്തരപ്രദേശ് സഹാരണ്‍പൂരിലാണ് സംഭവം.
അക്ഷയ് തൻ്റെ അമ്മ ആശാദേവിയോട് മദ്യം വാങ്ങുന്നതിന് പണം ചോദിച്ചു. എന്നാല്‍ പണം ഇല്ലെന്ന് അമ്മ പറഞ്ഞതിന് പിന്നാലെ ആഭരണങ്ങൾ വിറ്റ് മദ്യം വാങ്ങാൻ പണം തരണമെന്ന് അക്ഷയ് ആവശ്യപ്പെടുകയായിരുന്നു.
അമ്മയും മകനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായപ്പോള്‍ അക്ഷയ് അമ്മയെ മർദ്ദിക്കുകയും തല പിടിച്ച് മതിലിൽ ഇടിക്കുകയും ചെയ്തുവെന്ന് സര്‍ക്കിള്‍ ഓഫീസര്‍ മുനീഷ് ചന്ദ് ദേശീയ മാധ്യമത്തോട് പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ ആശാദേവി അവിടെത്തന്നെ തളർന്നുവീഴുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്തുവച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ആശാദേവിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് മരിച്ചു.
