അവശ്യസാധനങ്ങളുടെ വില നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ; ജി.എസ് ടി പരിഷ്കരണ ലാഭം ഉപഭോക്താക്കൾക്ക്  ഉറപ്പാക്കാൻ നടപടി

തിരുവനന്തപുരം: ജിഎസ്ടി നിരക്കുകൾ കുറച്ചതിന്റെ പ്രയോജനം ജനങ്ങൾക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കാൻ സാധനങ്ങളുടെ വില നിരീക്ഷിക്കാൻ കേന്ദ്രധനമന്ത്രാലയം നിർദേശിച്ചു. സംസ്ഥാനങ്ങളിലെ കേന്ദ്ര ജിഎസ്ടി ഓഫീസുകൾക്കാണ് നിർദേശം നൽകിയത്.   മരുന്ന്, നിത്യോപയോഗ സാധനങ്ങൾ, ഇലക്‌ട്രോണിക് ഉത്പന്നങ്ങൾ അടക്കമുള്ള 54 ഇനങ്ങളുടെ നികുതിയിളവിനു മുൻപും പിൻപുമുള്ള വില താരതമ്യം ചെയ്ത് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ആദ്യ റിപ്പോർട്ട് സെപ്റ്റംബർ 30-നകം നൽകണം. തുടർന്നുള്ള മാസങ്ങളിൽ 20-ാം തീയതിക്കുമുൻപും.

വിലകുറയ്ക്കണമെന്ന് നിർദേശിക്കാമെന്നല്ലാതെ നിയമപരമായി നടപടിയെടുക്കാൻ നിലവിൽ സംവിധാനമില്ല. പരാതികൾ പരിശോധിക്കാനുള്ള ചുമതല ഡൽഹിയിലെ ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലിനെ ഏൽപ്പിച്ചു.

2025 മാർച്ച് 31-ന് മുൻപുള്ള പരാതികൾമാത്രം പരിശോധിച്ചാൽ മതിയെന്നാണ് ട്രിബ്യൂണലിന് നൽകിയ നിർദേശം. അതിനുശേഷമുള്ള പരാതികൾ എങ്ങനെ പരിഹരിക്കുമെന്നതിൽ വ്യക്തതയില്ല. അതിനാൽ വിലവിവരം താരതമ്യംചെയ്ത് തയ്യാറാക്കുന്ന റിപ്പോർട്ടിൽ സാധനങ്ങൾക്ക് വില കുറച്ചില്ലെന്നുകണ്ടാൽ എന്ത് നടപടിയുണ്ടാവുമെന്നതിലും വ്യക്തതയില്ല.

തിങ്കളാഴ്ചമുതൽ ഭൂരിഭാഗം ഉത്പന്നങ്ങൾക്കും നികുതിനിരക്കിൽ കുറവുണ്ടായിട്ടുണ്ട്. സാധനങ്ങൾ വാങ്ങുമ്പോൾ ഈ നികുതിയിളവ് വിലകുറയാൻ ഇടയാക്കിയിട്ടുണ്ടോ എന്ന് എങ്ങനെ ഉപഭോക്താവിന് മനസ്സിലാകും. ഇതറിയാൻ ചില വഴികളുണ്ട്. അവ ചുവടെ:


• സാധനങ്ങൾ വാങ്ങുമ്പോൾ ബില്ല്. ചോദിച്ചുവാങ്ങണം

• നികുതികുറഞ്ഞ സാധനങ്ങൾ ഏതൊക്കെയെന്നും അത് എത്രത്തോളമെന്നും അറിഞ്ഞിരിക്കണം

• പുതുക്കിയ നികുതിനിരക്കു തന്നെയാണോ ബില്ലിൽ അച്ചടിച്ചിരിക്കുന്നതെന്ന് പരിശോധിക്കണം

• ഉത്പന്നത്തിന്റെ വിലയും നികുതിയും ബില്ലിൽ പ്രത്യേകമായി കാണിച്ച ബില്ലാണ് വ്യാപാരി നൽകുക. ഇതിൽ കഴിഞ്ഞദിവസംവരെ കാണിച്ച ഉത്പന്നവില അല്പം ഉയർത്തി, നികുതിയിളവിന്റെ പൂർണമായ ഗുണം ഉപഭോക്താവിന് ലഭ്യമാകാത്ത സ്ഥിതിയുണ്ടാകാം. ഇതു തടയാനും ചോദ്യംചെയ്യാനും നേരത്തേ ഇതേ കടയിൽനിന്ന് ഇതേ സാധനം വാങ്ങിയപ്പോൾ ലഭിച്ച ബില്ല് ഉപഭോക്താവിന്റെ കൈവശമുണ്ടായിരിക്കണം. 

• ചില ഉത്പന്നങ്ങൾ നികുതിരഹിതമാക്കിയിട്ടുണ്ട്. അവ ശ്രദ്ധിക്കണം

• പൊറോട്ടയ്ക്ക് നികുതിയില്ലെന്നത് തർക്കമായി വരാൻ സാധ്യതയുണ്ട്. ബേക്കറികളിലേക്കും കടകളിലേക്കും വിൽക്കുന്ന പൊറോട്ടയുടെ നികുതിനിരക്കാണ് 18 ശതമാനത്തിൽനിന്ന് പൂജ്യത്തിലേക്കു മാറ്റിയത്. അതേസമയം, ഹോട്ടലുകളിൽ പൊറോട്ടയ്ക്ക് അഞ്ചു ശതമാനം നികുതി തുടരും. റസ്റ്ററന്റ് സർവീസ് എന്നനിലയിലുള്ള നികുതിയാണിത്.

ജിഎസ്ടി ഇളവിന്റെ നേട്ടം വിലയിൽ പ്രതിഫലിക്കാൻ ഒട്ടേറെ നടപടികൾ കൈക്കൊണ്ടതായി സെൻട്രൽ ജിഎസ്ടി ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോൺ ചീഫ് കമ്മിഷണർ എസ്.കെ. റഹ്‌മാൻ പറഞ്ഞു.

ബില്ലിങ്-അക്കൗണ്ടിങ് സംവിധാനങ്ങളിൽ പുതിയനിരക്കുകൾ അപ്‌ലോഡ് ചെയ്യണം, എച്ച്എസ്എൻ കോഡിൽ മാറ്റംവന്നിട്ടുണ്ടെങ്കിൽ അത് ബില്ലിങ് സോഫ്റ്റ്‌വേറുകളിലും മറ്റും കൃത്യമായി രേഖപ്പെടുത്തണം, വിലവ്യത്യാസം കൃത്യമായി ഉപഭോക്താക്കളെ അറിയിക്കണം, ഉത്പന്ന ക്ലാസിഫിക്കേഷൻ ആവശ്യമെങ്കിൽ തിരുത്തണം, ജീവനക്കാർക്ക് പരിശീലനം നൽകണം തുടങ്ങിയ നിർദേശങ്ങൾ വൻകിട ഉത്പാദകർക്കും വ്യാപാരികൾക്കും നൽകിയിട്ടുണ്ട്.

അന്യായമായി ലാഭമെടുക്കുന്നത് തടയാൻ ഉപദേശവും നൽകുന്നുണ്ട്. നികുതി കുറച്ചതുമൂലം പഴയ സ്റ്റോക്കിലുള്ള നഷ്ടം അവർക്ക് നികത്താനാകുമെന്നും ബോധിപ്പിക്കുന്നുണ്ട്. വ്യാപാരക്കരാറുകൾ, പർച്ചേഴ്‌സ് ഓർഡറുകൾ എന്നിവ പരിഷ്‌കരിക്കേണ്ടത് ആവശ്യമാണെങ്കിൽ അതും ചെയ്യണം.

അവശ്യവസ്തുക്കൾക്ക് വില കുറയുന്നുണ്ട്. വിനോദസഞ്ചാര രംഗത്തും കേരളത്തിന് ഏറെ നേട്ടമുണ്ടാകും. 7500 രൂപയിൽ താഴെ വാടകയുള്ള ഹോട്ടൽ മുറികൾക്കെല്ലാം നികുതിനിരക്ക് 18 ശതമാനത്തിൽനിന്ന് അഞ്ചുശതമാനമായി കുറയും. ടൂർ പാക്കേജുകളുടെ ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറയുന്നതും വിനോദസഞ്ചാരരംഗത്ത് നേട്ടമുണ്ടാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!