അബുദാബി: അഫ്ഗാനിസ്ഥാനെ അനായാസം വീഴ്ത്തി ശ്രീലങ്ക. ഏഷ്യാ കപ്പില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ ശ്രീലങ്ക 6 വിക്കറ്റ് വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. മറുപടി നല്‍കിയ ശ്രീലങ്ക 18.4 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 171 റണ്‍സടിച്ചാണ് ജയം സ്വന്തമാക്കിയത്.
ഇതോടെ അഫ്ഗാൻ ടൂർണമെന്റിൽ നിന്നു പുറത്തായി. ശ്രീലങ്ക ഒന്നാം സ്ഥാനക്കാരായി സൂപ്പർ ഫോറിലേക്ക്. ബംഗ്ലാദേശും രണ്ട് ജയങ്ങളുമായി സൂപ്പർ ഫോറിലെത്തി.
52 പന്തില്‍ പുറത്താകാതെ 74 റണ്‍സെടുത്ത ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിന്റെ ബാറ്റിങാണ് ലങ്കയ്ക്ക് തുണയായത്. കുശാല്‍ പെരേര 28 റണ്‍സ് കണ്ടെത്തി. ജയം തൊടുമ്പോള്‍ 13 പന്തില്‍ 26 റണ്‍സുമായി കാമിന്ദു മെന്‍ഡിസായിരുന്നു കുശാല്‍ മെന്‍ഡിസിനു കൂട്ടായി ക്രീസില്‍.
നേരത്തെ തുടക്കം തകര്‍ന്ന അഫ്ഗാനെ അവസാന ഓവറില്‍ അഞ്ച് സിക്സുകളടക്കം തൂക്കി വെടിക്കെട്ട് ബാറ്റിങുമായി കളം വാണം വെറ്ററന്‍ താരം മുഹമ്മദ് നബിയാ രക്ഷിച്ചത്. അവസാന ഓവറില്‍ മാത്രം താരം അടിച്ചെടുത്തത് 31 റണ്‍സ്. ഒരു വൈഡും കിട്ടിയതോടെ പിറന്നത് 32 റണ്‍സ്.
ദുനിത് വെള്ളാലഗെ എറിഞ്ഞ അവസാന ഓവറിലാണ് മുഹമ്മദ് നബി അബുദാബി സ്റ്റേഡിയത്തെ തീ പിടിപ്പിച്ചത്. അവസാന പന്തില്‍ താരം രണ്ടാം റണ്ണിനോടി റണ്ണൗട്ടായെങ്കിലും താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ് ബലത്തില്‍ അഫ്ഗാനിസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.
നബി 22 പന്തില്‍ 6 സിക്സും 3 ഫോറും സഹിതം 60 റണ്‍സ് വാരി. ഒരു ഘട്ടത്തില്‍ അഫ്ഗാന്‍ വലിയ തകര്‍ച്ച മുന്നില്‍ കണ്ടിരുന്നു. 79 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് 6 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 114ല്‍ ഏഴാം വിക്കറ്റും പോയി. പിന്നീടാണ് മുഹമ്മദ് നബി അതിവേഗം ടീമിനെ 169ല്‍ എത്തിച്ചത്.
ക്യാപ്റ്റന്‍ റാഷിദ് ഖാന്‍, ഇബ്രാഹിം സാദ്രാന്‍ എന്നിവര്‍ 24 വീതം റണ്‍സെടുത്തു. ഓപ്പണര്‍ സെദിഖുല അടല്‍ 18 റണ്‍സും കണ്ടെത്തി.
നുവാന്‍ തുഷാരയുടെ മികച്ച ബൗളിങാണ് അഫ്ഗാന്‍ മുന്‍നിരയെ തകര്‍ത്തത്. താരം 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ സ്വന്തമാക്കി. ദുഷ്മന്ത ചമീര, വെള്ളാലഗെ, ദസുന്‍ ഷനക എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
