യുപിഐ ഇടപാട് പരിധി പത്തുലക്ഷം, നാളെ മുതല്‍ പ്രാബല്യത്തില്‍; പ്രയോജനം ചെയ്യുക ഈ കാറ്റഗറികള്‍ക്ക് മാത്രം

ന്യൂഡല്‍ഹി: യുപിഐ വഴി തെരഞ്ഞെടുത്ത കാറ്റഗറിയിലുള്ള പണമിടപാടുകളുടെ പരിധി ഉയര്‍ത്തിയ നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നടപടി നാളെ മുതല്‍ പ്രാബല്യത്തില്‍. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ അനായാസം ചെയ്യുന്നതിന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചട്ടത്തില്‍ മാറ്റം വരുത്തുകയായിരുന്നു.

നികുതി പേയ്‌മെന്റ്, ഇന്‍ഷുറന്‍സ് പ്രീമിയം, ഇഎംഐ, മൂലധന വിപണി നിക്ഷേപം തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്കായാണ് പരിധി ഉയര്‍ത്തിയത്. ഇത്തരം ഇടപാടുകള്‍ക്കായി 24 മണിക്കൂറിനകം യുപിഐ വഴി 10 ലക്ഷം രൂപ വരെ കൈമാറാന്‍ സാധിക്കും. പേഴ്സണ്‍ ടു മര്‍ച്ചന്റ് പേയ്മെന്റുകള്‍ക്കാണ് (P2M) ഇതിന്റെ പ്രയോജനം ലഭിക്കുക. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് കൈമാറുന്ന പേഴ്സണ്‍ ടു പേഴ്സണ്‍ (P2P) ഇടപാട് പരിധി പഴയതുപോലെ ഒരു ദിവസം ഒരു ലക്ഷം എന്നതില്‍ മാറ്റമില്ല.

മൂലധന വിപണി നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പേയ്‌മെന്റുകള്‍ക്കും ഓരോ ഇടപാടിനും ഉണ്ടായിരുന്ന രണ്ടു ലക്ഷം എന്ന പരിധി അഞ്ചു ലക്ഷമായി ഉയര്‍ത്തി. എന്നാല്‍ മൊത്തത്തില്‍ 24 മണിക്കൂറിനുള്ളില്‍ പരമാവധി 10 ലക്ഷം രൂപ വരെ ഇത്തരത്തില്‍ കൈമാറാന്‍ അനുവദിക്കുന്നതാണ് പുതിയ ചട്ടം. അതേപോലെ, മുന്‍കൂര്‍ പണ നിക്ഷേപങ്ങളും നികുതി പേയ്‌മെന്റുകളും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലസ് ഇടപാടുകളുടെ പരിധിയും ഉയര്‍ത്തി. ഓരോ ഇടപാടിനും ഒരു ലക്ഷം എന്ന പരിധി അഞ്ചു ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്.

ട്രാവല്‍ സെക്ടറിലും ഓരോ ഇടപാടിനുമുള്ള പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. എന്നാല്‍ ഇത്തരത്തില്‍ ഒരു ദിവസം മൊത്തത്തില്‍ ചെയ്യാവുന്ന ഇടപാട് പരിധി പത്തുലക്ഷമാണ്. ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റുകള്‍ ഇപ്പോള്‍ ഒറ്റയടിക്ക് 5 ലക്ഷം വരെ നടത്താം. എന്നിരുന്നാലും മൊത്തത്തിലുള്ള പ്രതിദിന പരിധി 6 ലക്ഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

വായ്പ, ഇഎംഐ കളക്ഷനുകള്‍ക്ക്, പരിധി ഇപ്പോള്‍ ഓരോ ഇടപാടിനും 5 ലക്ഷവും പ്രതിദിനം 10 ലക്ഷവുമാണ്. അതേസമയം ആഭരണം വാങ്ങലുകളില്‍ ഒരു ഇടപാടിന് 1 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായും പ്രതിദിനം 6 ലക്ഷമായും നേരിയ വര്‍ധന വരുത്തിയിട്ടുണ്ട്.

ബാങ്കിംഗ് സേവനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പത്തെ 2 ലക്ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഡിജിറ്റല്‍ ഓണ്‍ബോര്‍ഡിങ് വഴിയുള്ള ടേം ഡെപ്പോസിറ്റ് പരിധി അഞ്ചു ലക്ഷമാക്കി ഉയര്‍ത്തി. ഒറ്റ ഇടപാടായി അഞ്ചുലക്ഷം രൂപ വരെ കൈമാറാം. എന്നാല്‍ ഒരു ദിവസം മൊത്തത്തില്‍ കൈമാറാന്‍ കഴിയുന്ന തുകയും അഞ്ചു ലക്ഷമാണ്. ഡിജിറ്റല്‍ അക്കൗണ്ട് തുറക്കല്‍ മാറ്റമില്ലാതെ തുടരുന്നു. രണ്ടു ലക്ഷം രൂപയാണ് പരിധി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!