ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം കൂടുതൽ മെച്ചപ്പെടുന്നു. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങുമായി ചർച്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയാണ് മോദിയെ കണ്ട് ജിൻപിങിൻ്റെ ക്ഷണക്കത്ത് കൈമാറിയത്. ചൈനീസ് പ്രസിഡൻ്റിൻ്റെ ക്ഷണം പ്രധാനമന്ത്രി മോദി സ്വീകരിച്ചു. കസാനിൽ താനും ഷി ജിൻപിങും ഉണ്ടാക്കിയ ധാരണയ്ക്കു ശേഷം ചൈനയുമായുള്ള ബന്ധത്തിലുണ്ടായ പുരോഗതി സ്വാഗതാർഹമെന്നും മോദി പറഞ്ഞു.
അതിർത്തിയിലെ സമാധാനം രണ്ട് രാജ്യങ്ങൾക്കുമിടയിലെ നല്ല ബന്ധത്തിന് അനിവാര്യമെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. നിയന്ത്രണരേഖയില്‍ കഴിഞ്ഞ ഒന്‍പതുമാസമായി സമാധാനവും ശാന്തതയും നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യ-ചൈന ബന്ധത്തില്‍ പുരോഗതി ദൃശ്യമാണെന്ന് ഇന്ത്യ പറഞ്ഞു. ഇന്നലെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ചർച്ച നടത്തിയത്.
ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഈമാസം ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ചൈനാസന്ദര്‍ശനത്തിന് മുന്നോടിയായാണ് ഡോവല്‍-വാങ് യി ചര്‍ച്ച നടന്നത്. ഇരുരാജ്യവും തന്ത്രപ്രധാനമായ ആശയവിനിമയംവഴി പരസ്പരവിശ്വാസം കൂട്ടണമെന്നും അതിര്‍ത്തിപ്രശ്‌നം പരിഹരിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. മോദിയുടെ സന്ദര്‍ശനത്തിന് ചൈന വലിയപ്രാധാന്യം കല്പിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലേക്ക് രാസവളം, ധാതുക്കൾ, തുരങ്ക നിർമ്മാണ ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതി പുനസ്ഥാപിക്കാം എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി നടത്തിയ ചർച്ചയിൽ ചൈനീസ് വിദേശകാര്യമന്ത്രി തത്വത്തിൽ സമ്മതിച്ചിട്ടുണ്ട്. അതേസമയം, ബ്രഹ്‌മപുത്ര നദിയില്‍ ചൈന നടത്തുന്ന വലിയ അണക്കെട്ടുനിര്‍മാണം ഇന്ത്യ ഉന്നയിച്ചു. നദിയുടെ താഴെഭാഗത്തെ തീരങ്ങളില്‍ ഇത് വലിയ പ്രതിസന്ധിസൃഷ്ടിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയില്‍ എസ്. ജയ്ശങ്കർ ചൂണ്ടിക്കാട്ടി.
