മുന്നറിയിപ്പ്: ഇ-സിമ്മുകൾ ദുരുപയോഗം ചെയ്ത് തട്ടിപ്പുകൾ വ്യാപകം; മുന്നറിയിപ്പുകൾ നൽകി ഐ.ടി മന്ത്രാലയം

ന്യൂഡൽഹി : ഇ-സിമ്മുകൾ ദുരുപയോഗം ചെയ്ത് തട്ടിപ്പുകൾ വ്യാപകമാകുന്നു. ഫോണിൽ സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റൽ സിം കാർഡുകളാണ് ഇ-സിമ്മുകൾ (എംബഡഡ് സിം). ഇ-സിം ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾ വ്യാപകമായതോടെ ഐ.ടി മന്ത്രാലയം മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച ഇത്തരത്തിലുള്ള തട്ടിപ്പ് നടന്നതോടെ മുംബെ സ്വദേശിക്ക് ബാങ്ക് അക്കൗണ്ടിൽ നിന്നും നാലുലക്ഷം രൂപ നഷ്ടമായിരുന്നു. ഇ-സിം തട്ടിയെടുത്ത് ഒ.ടി.പി (വൺ ടൈം പാസ്‍വേഡ്) കൈക്കലാക്കിയായിരുന്നു തട്ടിപ്പ്.

ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈംകോർഡിനേഷൻ സെന്റർ (14 സി) രാജ്യത്തെ പൗരൻമാർക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

തട്ടിപ്പ് നടക്കുന്നത് ഇങ്ങനെ
മൊബൈൽ സേവന ദാതാവിൽ നിന്നെന്ന വ്യാജേന ഫോൺ കോൾ മുഖേനയോ ഇരയെ ബന്ധപ്പെടുകയാണ് തട്ടിപ്പുകാർ ആദ്യം ചെയ്യുക. പിന്നാലെ, എസ്.എസം.എസ് വഴിയോ ഇ.മെയിൽ വഴിയോ വ്യാജ ഇ-സിം ആക്ടിവേഷൻ ലിങ്ക് അയക്കും.

ഇര ലിങ്കിൽ ക്ളിക്ക് ചെയ്യുന്നതോടെ ഫിസിക്കൽ സിം നിർജ്ജീവമാവും. ഇതോടെ നമ്പർ ഇ-സിം രൂപത്തിൽ തട്ടിപ്പുകാരുടെ കയ്യിലാവും. വിവിധ കോളുകളും എസ്.എം.എസ് സന്ദേശവും ഒ.ടി.പികളും തട്ടിപ്പുകാർക്ക് കൈക്കലാക്കാനാവും.

ഒ.ടി.പികൾ കൈക്കലാക്കുന്നതോടെ ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതടക്കം ഇടപാടുകൾ നടത്താനും പാസ്വേഡുകൾ പുനഃസജ്ജമാക്കാനും കഴിയും.

നമ്പർ അപഹരിക്കപ്പെട്ടാൽ, യു.പി.ഐ, എ.ടി.എം സേവനങ്ങൾ പ്രവർത്തനരഹിതമാക്കിയ ഉപയോക്താക്കൾ പോലും സുരക്ഷിതരല്ലെന്ന് സാങ്കേതിക വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.

ഇ-സിമ്മിനേക്കാൾ മികച്ചതാണോ ഫിസിക്കൽ സിം?

ഇരുസാങ്കേതിക വിദ്യകളും തമ്മിൽ സുരക്ഷാകാര്യത്തിൽ കാര്യമായ വ്യത്യാസമില്ലെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. സിം സ്വാപ് അഥവാ സിം തട്ടിയെടുത്ത് നടക്കുന്ന തട്ടിപ്പുകൾ വർഷങ്ങളോളമായി നിലവിലുണ്ട്.

എന്നാൽ, മാറ്റിസ്ഥാപിക്കാൻ എളുപ്പമുള്ളതുകൊണ്ടുതന്നെ ഇ-സിം തട്ടിയെടുക്കാൻ സൈബർ ക്രിമിനലുകൾക്ക് എളുപ്പമാണ്. ഡ്യൂപ്ളിക്കേറ്റ് ലഭിക്കാൻ സേവനദാതാവിന്റെ സ്റ്റോറിൽ നേരിട്ട് ഹാജരാകണമെന്നുള്ളതുകൊണ്ട് തന്നെ ഫിസിക്കൽ സിമ്മുകൾ കൂടുതൽ സുരക്ഷിതമാണെന്നും അഭിപ്രായമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!