ബലാത്സംഗക്കേസിൽ വേടന് മുൻകൂർ ജാമ്യം, ഹൈക്കോടതി ഉത്തരവ് ഉപാധികളോടെ…

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി യുവഡോക്ടറെ ബലാത്സംഗംചെയ്‌തെന്ന കേസില്‍ റാപ്പര്‍ വേടന്(ഹിരണ്‍ദാസ് മുരളി) മുന്‍കൂര്‍ജാമ്യം. ഹൈക്കോടതിയാണ് കേസില്‍ വേടന് മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. സെപ്റ്റംബര്‍ 9, 10 തീയതികളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

നേരത്തേ മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ വേടനെ കേസില്‍ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് വാദം പൂര്‍ത്തിയാക്കി വിധിപറയാനായി ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചത്.

കോഴിക്കോട്ടുവെച്ചും പിന്നീട് എറണാകുളത്തേക്ക് സ്ഥലമാറ്റപ്പെട്ടപ്പോള്‍ അവിടുത്തെ താമസസ്ഥലത്തുവെച്ചും 2021 വരെയുള്ള കാലത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് ഡോക്ടറായ യുവതിയുടെ പരാതി. എന്നാല്‍, കേസെടുത്തെങ്കിലും പോലീസിന് വേടനെ പിടികൂടാനായിരുന്നില്ല. വേടനായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് മുന്‍കൂര്‍ജാമ്യ ഹര്‍ജിയുമായി വേടന്‍ ഹൈക്കോടതിയെ സമീപിച്ചത്.

വേടന്റെ ജാമ്യഹര്‍ജിയെ പരാതിക്കാരി ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, തമ്മില്‍ അടുപ്പമുണ്ടായിരുന്ന സമയത്തെ ലൈംഗികബന്ധം, പിന്നീടിവരുടെ ബന്ധത്തില്‍ വിള്ളല്‍ വീണതിന്റെ പേരില്‍ ബലാത്സംഗമായി മാറുമോ എന്നതടക്കമുള്ള നിയമപ്രശ്നം ഹര്‍ജി പരിഗണിക്കവേ കോടതി ചൂണ്ടിക്കാട്ടി. വിഷാദം കാരണമാണ് പരാതി നല്‍കാന്‍ വൈകിയതെന്നായിരുന്നു പരാതിക്കാരിയുടെ വാദം. ഹര്‍ജിക്കാരന് ഒട്ടേറെ ബന്ധം ഉണ്ടോ എന്നും കോടതി ചോദിച്ചു. സാമൂഹിക മാധ്യമങ്ങളിലടക്കമുള്ള ഫോട്ടോകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ചോദ്യം. അത്തരത്തില്‍ ബന്ധങ്ങളില്ലെന്നും പരാതിക്കാരിയുമായുള്ള ബന്ധം മുറിഞ്ഞശേഷം മാത്രമാണ് മറ്റ് ബന്ധം ഉണ്ടായതെന്നും വിശദീകരിച്ചു.

വിവാഹവാഗ്ദാനം നല്‍കിയാണ് വേടന്‍ പീഡിപ്പിച്ചതെന്ന വാദത്തില്‍ പരാതിക്കാരി ഉറച്ചുനിന്നിരുന്നു. എന്നാല്‍, പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ എല്ലാം ഉപേക്ഷിച്ചുപോയി. ഇതോടെ മാനസികനില തകരാറിലായി. കാലങ്ങളോളം ചികിത്സതേടേണ്ടിവന്നു. ഏറെ കാലമെടുത്താണ് സാധാരണജീവിതത്തിലേക്ക് തനിക്ക് മടങ്ങിവരാനായതെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞു. വേടനെതിരേ രണ്ട് ലൈംഗികാതിക്രമ പരാതികള്‍ കൂടി ഉയര്‍ന്നിട്ടുണ്ടെന്നും പരാതിക്കാരിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു.

അതേസമയം, പരസ്പരം സ്നേഹത്തിലായിരുന്ന സമയത്തുണ്ടായ ലൈംഗികബന്ധം ബലാത്സംഗക്കുറ്റമാകുമോ എന്ന് ഹൈക്കോടതി ചോദിച്ചു. അതിനിടെ, യുവഡോക്ടറുമായുള്ള ബന്ധം വേടന്‍ നിഷേധിച്ചിരുന്നില്ല. എന്നാല്‍, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു വേടന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!