ബംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥലയിലുണ്ടായ ദൂരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ട്വിസ്റ്റ്. കര്‍ണാടകയിലെ ധര്‍മസ്ഥല ക്ഷേത്രപരിസരത്തുനിന്നും 2003 ല്‍ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥയാണെന്ന് അനന്യ ഭട്ടിന്റെ അമ്മയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സുജാത ഭട്ട്. നേത്രാവതി നദിക്കരയില്‍ അരക്കോടിയിലേറെ ചെലവിട്ട് കുഴിച്ചിട്ട് ഒന്നും കിട്ടിയില്ലെന്നും, വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണത്തൊഴിലാളിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ചിലര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ തനിക്ക് അങ്ങനെയൊരു മകളില്ലെന്നാണ് സുജാത ഭട്ടിന്റെ പുതിയ വെളിപ്പെടുത്തല്‍. ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്തതെന്നും സുജാത ഭട്ട് ഇന്‍സൈറ്റ് റഷ് ചാനലിനോട് പറഞ്ഞു. ‘ഗിരീഷ് മട്ടന്നവറും ടി ജയന്തും പറഞ്ഞതുകൊണ്ടാണ് താന്‍ കള്ളം പറഞ്ഞത്. ദയവായി എന്നോട് ക്ഷമിക്കണം, എനിക്കൊരു തെറ്റുപറ്റി. ധര്‍മസ്ഥലയോടും കര്‍ണാടകയിലെ ജനങ്ങളോടും രാജ്യത്തെ ജനങ്ങളോടും താന്‍ ക്ഷമ ചോദിക്കുന്നു. ഈ വിവാദം അവസാനിപ്പിച്ച് സമാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ജനങ്ങളോട് ഞാന്‍ കള്ളം പറഞ്ഞു. ദയവായി ഈ വിവാദത്തില്‍ നിന്ന് ഒഴിവാക്കണം, സുജാത ഭട്ട് പറഞ്ഞു.
ഈ ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സുജാത ഭട്ടിന് നോട്ടീസ് നല്‍കിയിരുന്നു. ബെല്‍ത്തങ്ങാടിയിലെ എസ്ഐടി ഓഫീസില്‍ ഹാജരാകാനും മകള്‍ അനന്യ ഭട്ടുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനും എസ്ഐടി അവരോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍.
തന്റെ മകള്‍ അനന്യ ഭട്ട് മംഗളൂരുവിലും മണിപ്പാലിലും മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്നു എന്നാണ് സുജാത ഭട്ട് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഈ സ്ഥാപനങ്ങളിലെ ഔദ്യോഗിക രേഖകളിലൊന്നും അനന്യ ഭട്ടിന്റെ പേരില്‍ അഡ്മിഷന്‍ രേഖകള്‍ നിലവിലില്ലെന്ന് എസ്ഐടി കണ്ടെത്തി. പാസ്‌പോര്‍ട്ട് വലുപ്പത്തിലുള്ള ഒരു ഫോട്ടോയല്ലാതെ, അവര്‍ ജീവിച്ചിരുന്നു എന്നതിന് മറ്റൊരു തെളിവും ഇതുവരെ ഹാജരാക്കിയിട്ടില്ല. സുജാത ഭട്ട് അവരുടെ കാണാതായ മകളുടേതാണെന്ന് അവകാശപ്പെടുന്ന ഫോട്ടോയിലുള്ളത് അനന്യ ഭട്ടല്ല. സുജാത പ്രണയ ബന്ധത്തിലായിരുന്ന രംഗപ്രസാദ് എന്നയാളുടെ മരുമകള്‍ വാസന്തിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2005 വരെ ശിവമോഗയിലെ റിപ്പണ്‍പേട്ടില്‍ പ്രഭാകര്‍ ബാലിഗയ്‌ക്കൊപ്പമാണ് സുജാത താമസിച്ചിരുന്നത്. പിന്നീട്, അവര്‍ ബംഗളൂരുവിലേക്ക് താമസം മാറി രംഗപ്രസാദ് എന്ന വ്യക്തിയുമായി പ്രണയ ബന്ധത്തിലായി. ഭാര്യ മരിച്ചതിന് ശേഷം രംഗപ്രസാദ് ഒറ്റയ്ക്കാണ് താമസിച്ചത്. ശ്രീവത്സ എന്ന മകനും ഒരു മകളും അദ്ദേഹത്തിനുണ്ടായിരുന്നു. ഇരുവരും വിവാഹിതരായിരുന്നു. രംഗപ്രസാദിന്റെ മകന്‍ ശ്രീവത്സയും മരുമകള്‍ വാസന്തിയും കെങ്കേരിയിലെ അവരുടെ വീട്ടില്‍ താമസിച്ചിരുന്നപ്പോള്‍, സുജാത ഒരു സഹായിയായി രംഗപ്രസാദിന്റെ വീട്ടില്‍ വരികയായിരുന്നു. പിന്നീട് അവര്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. രംഗപ്രസാദിന്റെ മുന്നില്‍ വെച്ച് അദ്ദേഹത്തിന്റെ മകന്‍ ശ്രീവത്സനെയും മരുമകളെയും കുറിച്ച് മോശമായി സംസാരിക്കാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭര്‍ത്താവ് ശ്രീവത്സയില്‍നിന്ന് വേര്‍പിരിഞ്ഞ് കുടകിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് വാസന്തി മടങ്ങി. പിന്നീട് 2007 ല്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഇവര്‍ മരിച്ചു. ഭാര്യയുടെ മരണശേഷം, മദ്യപാനം മൂലം ശ്രീവത്സയുടെ ആരോഗ്യം ക്ഷയിച്ചു. ഇതോടെ കുടുംബ സ്വത്തിന്മേല്‍ നിയന്ത്രണം ഉറപ്പിക്കാന്‍ സുജാതയെ സഹായിച്ചു. ഒടുവില്‍ സുജാത ഒരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ വഴി രംഗപ്രസാദിന്റെ വീട് വിറ്റു. കിടപ്പിലായ ശ്രീവത്സ വാടക വീട്ടിലേക്ക് താമസം മാറി. രംഗപ്രസാദിന്റെ പേരില്‍ വീടുമുണ്ടായിരുന്നില്ല. 2015 ല്‍ ശ്രീവത്സ മരിച്ചു. കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞ രംഗപ്രസാദ് ഈ വര്‍ഷം ജനുവരി 12 ന് മരിച്ചു. പിന്നീട് സുജാത 20 ലക്ഷം രൂപയുമായി വീട് മാറുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുജാതയ്ക്ക് ഇങ്ങനൊരു മകളില്ലെന്നും വാസ്തവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും സഹോദരനും പറഞ്ഞു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട് വിട്ട് പോവുകയായിരുന്നു സുജാത. നാല്‍പ്പത് വര്‍ഷത്തിനിടയില്‍ അപൂര്‍വമായി മാത്രമാണ് വീട്ടിലെത്തിയിരുന്നത്. കുടുംബവുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ഒരു വര്‍ഷത്തിന് മുമ്പ് വീട്ടില്‍ വന്നു. ബംഗളൂരുവിലാണ് താമസമെന്നും കോടീശ്വരിയാണെന്നും പറഞ്ഞിരുന്നു. അപ്പോള്‍ പോലും മകളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഉള്ള വിവരങ്ങളൊന്നും പങ്കുവെച്ചില്ലെന്നും സഹോദരന്‍ പറഞ്ഞു.
