‘വില 000; സെക്കന്‍ഡ് ഹാന്‍ഡ്’;രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ട്രോള്‍

കണ്ണൂര്‍: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനവുമായി സിപിഎം നേതാവും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യ. ‘കര്‍മ്മ’ എന്നാണ് പിപി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ‘കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്. സെക്കന്‍ഡ്ഹാന്‍ഡ്. സ്ഥലം പാലക്കാട്. വില 000’ എന്ന കുറിപ്പോടെ രാഹുലിന്റെ ഫോട്ടോ അടങ്ങിയ പോസ്റ്ററും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിഷയത്തില്‍ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടല്ല രാജിയെന്നും വിഷയത്തില്‍ ധാര്‍മികതയുടെ പുറത്താണ് രാജിവെക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. അടൂരിലെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. രാഹുലിന്റെ രാജിക്ക് പിന്നാലെയാണ് പിപി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിലായിരുന്നു കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യക്കെതിരെ ആരോപണം ഉയര്‍ന്നത്. ഈ സമയത്ത് പിപി ദിവ്യയ്‌ക്കെതിരേ രാഹുല്‍ മാങ്കൂട്ടത്തില്‍ ആഞ്ഞടിച്ചിരുന്നു. അധികാരത്തിന്റെ അഹന്തയില്‍ പച്ച ജീവനെ കൊന്നുവെന്നായിരുന്നു അന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. ദിവ്യയെ പാര്‍ട്ടി സംരക്ഷിക്കപ്പെടുന്നുവെന്നും ആരോപിച്ചിരുന്നു.

പഞ്ചനക്ഷത്രഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും ആരോപിച്ച് നടി റിനി ആന്‍ ജോര്‍ജ് ആണ് ബുധനാഴ്ച രാഹുലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്.. ആരുടെയും പേര് പറയാതെയായിരുന്നു ആരോപണങ്ങളെങ്കിലും പാര്‍ട്ടി ഗ്രൂപ്പുകളില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ച് തന്നെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!