കോട്ടയം: ഒരു ജീവൻ രക്ഷിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് എസ് വിനയകുമാറും, അനീഷ് സിറിയക്കും. അപ്രബതീക്ഷിതമായാണ് ഈ മനുഷ്യ സ്‌നേഹികൾക്ക് മുമ്പിലേക്ക് ജീവന് വേണ്ടി പിടയുന്ന കരങ്ങൾ നീണ്ടെണ്ടത്തിയത്. ഒട്ടും വൈകിയില്ല, രക്ഷാകവചം അവിടെ രൂപപ്പെട്ടു.
രക്തം നൽകാൻ കാരിത്താസ് ആശുപത്രിയിലേയ്ക്കു യാത്ര ചെയ്ത ബിഎം എസ് ജില്ലാ പ്രസിഡന്റ് വിനയകുമാറും, ട്രാഫിക് സ്റ്റേഷനിൽ നിന്ന് അൽപം നേരത്തെയിറങ്ങിയ സിവിൽ പോലീസ് ഓഫിസർ അനീഷ് സിറിയകും മറ്റൊരു യുവാവും ചേർന്ന് തന്റെ ജീവൻ രക്ഷിച്ചതിന് നന്ദി പറഞ്ഞ് ബാബു ജോസഫ്. നാഗമ്പടത്ത് കാറിൽ കുഴഞ്ഞു വീണ ബാബു ജോസഫിനെ ജീവിതത്തിലേയ്ക്കു മടക്കി കൊണ്ടു വന്നത് ഈ മൂവർ സംഘത്തിന്റെ അവസോരചിതമായ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണ്.
ഇന്നലെ ഉച്ചയ്ക്ക് 1.45 നോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. അതുവരെ പരസ്പരം യാതൊരു പരിചയവുമില്ലാതിരുന്ന ബിഎംഎസ് ജില്ലാ പ്രസിഡന്റ് എസ്. വിനയകുമാറും, സിവിൽ പൊലീസ് ഓഫിസർ അനീഷ് സിറിയകും മറ്റൊരു യുവാവും നാഗമ്പടം ഭാഗത്തുകൂടി യാത്ര ചെയ്തു വരുന്നതിനിടെയാണ് റോഡരികിൽ ഒരു കാർ അസ്വാഭാവിക നിലയിൽ കണ്ടെത്തുന്നത്.
വിനയകുമാർ കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് രക്തം ദാനം ചെയ്യുവാനായി വാഹനത്തിൽ പോകുകയായിരുന്നു. നാഗമ്പടത്ത് പഴയ പാസ്‌പോർട്ട് ഓഫീസിന്റെ സമീപത്തുവച്ച് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്നും ഒരാൾ അസ്വസ്ഥതയോടെ കൈകൾ പുറത്തേയ്ക്കിട്ട് അഭ്യർത്ഥക്കുന്നത് വിനയന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ വാഹനം നിർത്തി കാറിനടുത്തേയ്ക്കു ചെന്നപ്പോൾ ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ ഡ്രൈവർ സീറ്റിൽ വായിൽ നിന്നും നുരയും പതയും വമിപ്പിച്ചു കൊണ്ട് ശ്വാസത്തിനായി ബുദ്ധിമുട്ടുന്നതാണ് കണ്ടത്. അപകടം കണ്ടറിഞ്ഞ ഉടൻ തന്നെ വിനയൻ നാട്ടുകാരെ വിളിച്ചുകൂട്ടി. ഇവരുടെ കൂട്ടത്തിൽ സിവിൽ പൊലീസ് ഓഫിസർ അനീഷ് സിറിയകും ഉണ്ടായിരുന്നു. ഇദ്ദേഹം മുൻപ് നഴ്‌സ് ആയി ജോലി ചെയ്തിരുന്നു. ആ പരിചയം വച്ച് ഉടൻ തന്നെ അനീഷ് സിറിയക് ഡ്രൈവിംങ് സീറ്റ് ചരിച്ചിട്ട് ഇദ്ദേഹത്തിന് സിപിആർ നൽകാൻ ആരംഭിച്ചു.
ഇതിനിടെ വിനയകുമാർ 108 ആംബുലൻസിൽ വിളിച്ചു. റോഡിലെ ഗതാഗതക്കുരുക്കിൽ ആംബുലൻസ് ഓടിയെത്താൻ വൈകുമെന്ന് കണ്ടതോടെ വിനയനും, അനീഷും ചേർന്ന് അസ്വസ്ഥത അനുഭവപ്പെട്ട ആളെ കാറിന്റെ പിൻ സീറ്റിലേയ്ക്കു കിടത്തി. ഈ സമയം അവിടെയെത്തിയ ഒരു യുവാവ് കാറിന്റെ ഡ്രൈവിംങ് സീറ്റിലിരുന്നു. ആംബുലൻസിന് കാത്തു നിൽക്കാതെ പോകാമെന്നു പറഞ്ഞു. മൂന്നു പേരും കൂടി അതിവേഗം കാരിത്താസ് ആശുപത്രിയിലേയ്ക്കു കുതിച്ചു. കാരിത്താസ് ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിൽ എത്തി, രോഗിയെ അകത്തേയ്ക്കു പ്രവേശിപ്പിച്ചതോടെ കാറോടിച്ച യുവാവ് പരിചയപ്പെടലിന് പോലും നിൽക്കാതെ മറ്റൊരു കാറിൽ കയറി യാത്രയായി.
അനീഷും വിനയനും ആശുപത്രിയ്ക്കു മുന്നിൽ കാത്തു നിന്നു. ഇതിനിടെ വാഹനത്തിനുള്ളിലുണ്ടായിരുന്ന രേഖകളിൽ നിന്നും കാറിനുള്ളിൽ കുഴഞ്ഞു വീണ കിടന്ന ആൾ സതീഷ് ധവാൻ സ്പേസ് റിസേർച്ച് സെന്റർ മുൻ ഉദ്യോഗസ്ഥൻ ബാബു ജോസഫാണ് എന്ന് ഇരുവരും തിരിച്ചറിഞ്ഞു. ഈ വിവരം കാരിത്താസ് ആശുപത്രി അധികൃതരെ അറിയിച്ചു. അവർ ബാബു ജോസഫിന്റെ കുടുംബത്തെ വിളിച്ച് വിവരം ധരിപ്പിച്ചതോടെയാണ് ഇരുവരും ആശുപത്രിയിൽ നിന്നും മടങ്ങിയത്. കാരിത്താസിൽ നിന്നും സ്വകാര്യ ബസിൽ നാഗമ്പടത്ത് ഇറങ്ങി ബൈക്ക് എടുത്ത ശേഷമാണ് സ്വന്തം നാടായ കുറുപ്പന്തറയിലേയ്ക്കു കോട്ടയം ട്രാഫിക് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അനീഷ് സിറിയക് മടങ്ങിയത്. മുൻ നിശ്ചയിച്ച പ്രകാരം കാരിത്താസ് ആശുപത്രിയിലെ രോഗിയ്ക്ക് രക്തം നൽകിയ ശേഷമാണ് വിനയകുമാർ ആശുപത്രിയിൽ നിന്നും മടങ്ങിയത്. ഇവർ കൃത്യസമയത്ത് സിപിആർ നൽകി ജീവൻ രക്ഷപെടുത്തിയ ബാബു ജോസഫ് കാരിത്താസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
.
കുഴഞ്ഞു വീണ ബാബു ജോസഫിന്
ദൈവ ദൂതരെപ്പോലെ തുണയായി മൂവർ സംഘം
