തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് ചോര്‍ച്ച വിവാദത്തില്‍ നിയമ നടപടിയുമായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മുഹമ്മദ് ഷര്‍ഷാദിന് എതിരെ വക്കീല്‍ നോട്ടീസ് അയച്ചു. അഡ്വ. രാജഗോപാല്‍ നായര്‍ മുഖേനെയാണ് നോട്ടീസ് അയച്ചത്.
ആരോപണങ്ങള്‍ 3 ദിവസത്തിനുള്ളില്‍ പിന്‍വലിക്കണം. ഉന്നയിച്ച ആരോപണം അതേ മീഡിയ വഴി തിരുത്തി നല്‍കണമെന്നും അപകീര്‍ത്തികരമായ ആക്ഷേപങ്ങള്‍ എല്ലാം വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചുകൊണ്ട് പൊതുജനമധ്യത്തില്‍ ആക്ഷേപമുണ്ടാക്കാന്‍ ശ്രമിച്ചു, മാനഹാനിയുണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് നിയമപരമായ നടപടി സ്വീകരിക്കുന്നത്. കത്ത് പൊതു മധ്യത്തിലുള്ളതെന്നും നോട്ടീസില്‍ പറയുന്നു.
അതേസമയം എംവി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തുമായുള്ള ഇടപാടുകള്‍ക്ക് തെളിവുണ്ടെന്ന് മുഹമ്മദ് ഷര്‍ഷാദ് ആവര്‍ത്തിച്ചു. കത്ത് ഞാന്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതാണെന്നു പാര്‍ട്ടിപ്പത്രം വെറുതേ ആരോപിക്കുകയാണ്. അതിനു തെളിവു കാണിക്കാന്‍ കഴിയുമോ? പാര്‍ട്ടിയില്‍ വിശ്വാസമുണ്ട്. വിരലിലെണ്ണാവുന്നവര്‍ ചെയ്യുന്ന കുറ്റത്തിനു പാര്‍ട്ടിയെ ഒന്നാകെ കുറ്റംപറയാന്‍ സാധിക്കില്ലല്ലോ? ഷര്‍ഷാദ് പറഞ്ഞു.
‘ഇപി ജയരാജനാണ് എന്റെ പിന്നിലെന്ന ആരോപണം ശരിയല്ല. പാര്‍ട്ടി കോണ്‍ഗ്രസ് സമയത്ത് ജയരാജനൊപ്പം സെല്‍ഫിയെടുത്തു സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. അല്ലാതെ അദ്ദേഹവുമായി ഒരു ബന്ധവുമില്ല. രാജേഷ് കൃഷ്ണയുടെ അനധികൃത പണമിടപാടു സംബന്ധിച്ചു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും 2023ല്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ആദായനികുതി വകുപ്പിനു നല്‍കിയ പരാതിയിലും നടപടി ഉണ്ടായില്ല’- മുഹമ്മദ് ഷര്‍ഷാദ് പറഞ്ഞു.
