തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വഴക്ക് പേടിച്ച് ഉദ്ഘാടന വേദിയിലേക്കുള്ള വെളിച്ചം കെടുത്തി പോലീസ്. ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ വേദിയിലാണ് സംഭവം.
മുന്നിൽ നിന്നു വേദിയിലേക്കു ക്രമീകരിച്ചിരുന്ന ലൈറ്റുകളൊന്നും തെളിക്കാൻ മുൻകൂട്ടിയെത്തി ക്രമീകരണങ്ങൾ വിലയിരുത്തിയ പോലീസ് സംഘം അനുവദിച്ചില്ല. വേദിക്കു പിന്നിൽ നിന്നു മുന്നിലേക്കു ക്രമീകരിച്ചിരുന്ന വെളിച്ചം കുറഞ്ഞ ലൈറ്റുകൾ മാത്രം മതിയെന്നായിരുന്നു നിർദേശം. എഴുതി തയാറാക്കിയ പ്രസംഗം മുഖ്യമന്ത്രിക്കു വായിക്കാനായി പോഡിയത്തിൽ പ്രത്യേകം ലൈറ്റ് ക്രമീകരിച്ചിരുന്നു.

ഇതിന് മുൻപ് നവകേരള സദസ്സിനിടെ ചങ്ങനാശേരി എസ്ബി കോളജ് മൈതാനത്തെ സമ്മേളനത്തിൽ വെളിച്ചം മുഖത്തടിച്ചതിനെതിരെ മുഖ്യമന്ത്രി അസ്വസ്ഥനായി വേദിയിൽ തന്നെ വിമർശനം ഉന്നയിച്ചിരുന്നു. ലൈറ്റ് ചെയ്യുന്നവരുടെ ഉപകാരമാണിതെന്നും നമ്മളെ വെട്ടത്തു നിർത്തി നിങ്ങളെ ഇരുട്ടത്താക്കുകയാണ് ചെയ്യുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതോടെ സദസ്സിലേക്കുള്ള ലൈറ്റ് കെടുത്തിയ ശേഷമാണ് അദ്ദേഹം പ്രസംഗം തുടർന്നത്.
തിരുവനന്തപുരത്ത് ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ പങ്കെടുക്കവേ മൈക്ക് തകരാറിലായതിനെ തുടർന്ന് അന്നും മുഖ്യമന്തിര ഏറെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അതിന് ശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിയിലെല്ലാം മുൻകൂട്ടിയുള്ള മൈക്ക് പരിശോധനയും കർശനമായി നടക്കാറുണ്ട്.