മഹാകവി കുമാരനാശാൻ വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ട്…

ഹാകവി കുമാരനാശാൻ വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ട്.
മലയാള കവിതയുടെ കാല്‍പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയായിരുന്നു കുമാരനാശാൻ.

1873 ഏപ്രില്‍ 12-ന്‌ ചിറയിൻകീഴ്‌ താലൂക്കിലെ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. 1891-ല്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയതാണ് കുമാരനാശാന്‍റെ ജീവിതത്തിലെ വഴിത്തിരിവ്. സംസ്കൃതഭാഷ, ഇംഗ്ലീഷ്‌ ഭാഷ പഠനമുള്‍പ്പെടെ പലതും നേടിയെടുത്തത് ആ കണ്ടുമുട്ടലിലൂടെയായിരുന്നു.
ഡോ. പല്‍പ്പുവിന്‍റെ കൂടെ ബംഗളൂരുവിലും കല്‍ക്കത്തയിലും താമസിച്ചു പഠിക്കുന്ന കാലത്ത്‌ രവീന്ദ്രനാഥ ടാഗോര്‍, ശ്രീരാമകൃഷ്ണ പരമഹംസൻ, രാജാറാം മോഹൻറോയ്‌ തുടങ്ങിയവരുമായി ബന്ധമുണ്ടാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. പാശ്ചാത്യ കവികളായ കീറ്റ്സ്‌, ഷെല്ലി, ടെന്നിസണ്‍ എന്നിവരുടെ കൃതികളുമായുള്ള നിരന്തര സമ്പര്‍ക്കം ആശാനിലെ കവിയെ വളര്‍ത്തി.

നിയമസഭാ മെമ്പര്‍, പ്രജാസഭ മെമ്പര്‍, തിരുവനന്തപുരം പഞ്ചായത്ത്‌ കോടതി ജഡ്ജി, ടെക്സ്റ്റ്‌ ബുക്ക്‌ കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ കുമാരനാശാൻ പ്രവര്‍ത്തിച്ചിരുന്നു.

ഇരുപതിനായിരത്തില്‍പരം വരികളില്‍ വ്യാപിച്ചുകിടക്കുന്ന പതിനേഴു കൃതികളാണ്‌ ആശാന്‍റെ കാവ്യസമ്ബത്ത്‌. ആശാന്‍റെ പ്രശസ്തമായ വിലാപകാവ്യമാണ്‌ പ്രരോദനം. ഗുരുവും വഴികാട്ടിയുമായ എ. ആറിന്‍റെ മരണത്തില്‍ വിലപിച്ചുകൊണ്ട്‌ ആശാൻ രചിച്ച കാവ്യമാണ്‌ പ്രരോദനം. വീണപൂവ്‌, നളിനി ലീല, ചിന്താവിഷ്ടയായ സീത, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, കരുണ എന്നിവയാണ് ആശാന്‍റെ രചനകളില്‍ മികച്ച്‌ നില്‍ക്കുന്നത്. അദ്ദേഹത്തിന്‍റെ കാവ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രചാരം കിട്ടിയ കരുണയെ ആശാന്‍റെ പട്ടം കെട്ടിയ രാജ്ഞിയായാണ് വാഴ്ത്തപ്പെടുന്നത്‌.


സീതയ്ക്കു പറയാനുള്ളതെന്തെന്ന് ‘ചിന്താവിഷ്ടയായ സീത’യിലൂടെ കേള്‍പ്പിച്ചുതന്ന ആശാന്റെ വിപ്ലവത്തിന് മലയാളത്തില്‍ സമാനതകളില്ല.കേരള സമൂഹത്തിന്റെ നീണ്ട കാലത്തെ വികാസചരിത്രമാണ് കുമാരനാശാന്റെ മുഖപ്രസംഗങ്ങളില്‍ പ്രതിഫലിക്കുന്നത്. ജാതിക്കെതിരായ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണവ.ചെറുപ്പത്തില്‍ സ്‌തോത്രകൃതികളെഴുതി വിരാഗിയായി നടന്നിരുന്ന ആശാന്‍, 1907ല്‍ വീണപൂവെന്ന ചെറുഖണ്ഡകാവ്യമെഴുതി മലയാളകവിതയുടെ തലക്കുറിതന്നെ മാറ്റിവരച്ചു.

കേരളഹൃദയത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച മഹാകവി 1924 ജനുവരി 16 ന്‌ (51-ാ‍ം വയസില്‍) പല്ലനയാറ്റില്‍ വച്ചുണ്ടായ റഡീമര്‍ ബോട്ടപകടത്തിലാണ് വിടപറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!