ഉത്തരാഖണ്ഡില്‍ കുടുങ്ങിയ 28 മലയാളികള്‍ സുരക്ഷിതര്‍; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഉത്തരകാശിയിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ മലയാളികള്‍ സുരക്ഷിതർ. ഗംഗോത്രിക്ക് സമീപം കുടുങ്ങിയ ഇവരെ രക്ഷാപ്രവർത്തന സംഘം കണ്ടെത്തുകയായിരുന്നു .

നിലവില്‍ ഇവരെ ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐടിബിപി) ക്യാമ്ബിലേക്ക് മാറ്റിയിട്ടുണ്ട്.

ഹരിദ്വാറില്‍ നിന്ന് ഗംഗോത്രിയിലേക്ക് പോവുകയായിരുന്ന 28 പേരടങ്ങുന്ന സംഘത്തെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബന്ധുക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവർ സുരക്ഷിതരാണെന്നാണ് സൈന്യം മുഖേന ബന്ധുക്കള്‍ക്ക് ലഭിച്ച പ്രാഥമിക വിവരം.

കേരളത്തില്‍ നിന്നുള്ള എട്ട് പേരും മുംബൈയില്‍ നിന്നുള്ള മലയാളികളായ 20 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. തൃപ്പുണ്ണിത്തുറ, കായംകുളം, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്നുള്ള എട്ട് പേരും ബന്ധുക്കളാണ്. തൃപ്പുണ്ണിത്തുറ സ്വദേശിയായ നാരായണൻ നായരും ഭാര്യ ശ്രീദേവിയും അവരുടെ ബന്ധുക്കളുമാണ് എട്ടംഗ സംഘത്തിലുള്ളത്. ഗംഗോത്രിയിലേക്ക് പോകുന്ന വഴിക്ക് ഇവർ വീടുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സംഘാംഗങ്ങളുടെ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ഇവരെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് വലിയ ആശ്വാസമാണ് നല്‍കുന്നതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതുവരെ 130 പേരെയാണ് ഇവിടെ നിന്ന് രക്ഷപ്പെടുത്തിയത്. നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നുണ്ട്. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ദുരന്തമേഖലയില്‍ ആകാശനിരീക്ഷണം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!