നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജി

പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

പ്രതിക്ക് രക്ഷപ്പെടാന്‍ പഴുതുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കുറ്റം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ മറച്ചുവെച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ പറയുന്നു.

കുറ്റപത്രത്തിലെ പതിമൂന്ന് പിഴവുകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രതി ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായിരുന്നിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ല. പ്രശാന്തില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജ കേസ് നിര്‍മിക്കാന്‍ ശ്രമിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. ശരിയായ രീതിയില്‍ അന്വേഷണം നടത്തിയാല്‍ വ്യാജ ആരോപണം തെളിയിക്കാന്‍ കഴിയും.

വകുപ്പുതല അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ പൊലീസ് റിപ്പോര്‍ട്ടിലില്ല. പ്രശാന്തന്‍ പിപി ദിവ്യയുടെ ബെനാമിയാണെന്ന് സൂചനയുണ്ടായിട്ടും ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ല. ഇലക്ട്രോണിക് തെളിവുകളില്‍ പലതിലും ക്രമക്കേടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. പ്രോസിക്യൂഷന്റെ നിലപാടും തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!