ദുർഗ് : മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ ജയില്‍ മോചിതരായി. എന്‍ഐഎ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ വൈകീട്ട് നാല് മണിയോടെയാണ് കന്യാസ്ത്രീകള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.
മതസൗഹാര്‍ദ മുദ്രാവാക്യങ്ങള്‍ ഉള്‍പ്പെടെ മുഴക്കിയായിരുന്നു പുറത്ത് കാത്തുനിന്നവര്‍ ജയില്‍ മോചനം ആഘോഷിച്ചത്. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ ഭായി ഭായി എന്നിങ്ങനെ ആയിരുന്നു മുദ്രാവാക്യങ്ങള്‍. ജാമ്യം ലഭിച്ച ജയിലില്‍ നിന്നും പുറത്തിറങ്ങിയ കന്യാസ്ത്രീകള്‍ ബിജെപി സംസ്ഥാന അധ്യക്ഷന് ഒപ്പം കോണ്‍വെന്റിലേക്ക് മടങ്ങി.
കര്‍ശന വ്യവസ്ഥകളോടെ ആയിരുന്നു മലയാളി കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്കും കൂടെ ഉണ്ടായിരുന്ന ആദിവാസി യുവാവ് സുകമാന്‍ മാണ്ഡവിക്കും എന്‍ഐഎ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സിറാജുദ്ദീന്‍ ഖുറേഷി ജാമ്യം അനുവദിച്ചത്.
പാസ്പോര്‍ട്ട് കെട്ടിവയ്ക്കണം, രാജ്യം വിട്ടു പോവരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ വ്യവസ്ഥകളിലാണ് എന്‍ഐഎ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സിറാജുദ്ദീന്‍ ഖുറേഷി ഇവര്‍ക്കു ജാമ്യം നല്‍കിയത്. 50,000 രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണം. രണ്ട് ആള്‍ ജാമ്യവും വേണം.
ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ജൂലൈ 25ന് റെയില്‍വേ പൊലീസാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. നാരായണ്‍പുരില്‍ നിന്നുള്ള മൂന്നു പെണ്‍കുട്ടികളെ നിര്‍ബന്ധപൂര്‍വം മതംമാറ്റി കടത്താന്‍ ശ്രമിക്കുന്നുവെന്ന, ബജരംഗ്ദള്‍ നേതാവിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
