ശബരിമല : നാളെ മകരവിളക്ക്. സന്നിധാനവും പരിസരവും അയ്യപ്പഭക്തരാൽ നിറഞ്ഞു കഴിഞ്ഞു. നാളെ സന്ധ്യയോടെ പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും ആകാശത്തുദിക്കുന്ന മകരനക്ഷത്രവും കാണാന്‍ ലക്ഷക്കണക്കിന് ഭക്തരാണ് സന്നിധാനത്തും ദര്‍ശനസൗകര്യമുള്ള പരിസരപ്രദേശങ്ങളിലും തിങ്ങിനിറയുന്നത്.
സന്നിധാനത്തും പരിസരത്തും ഭക്തലക്ഷങ്ങൾ തമ്പടിച്ചു തുടങ്ങി. മകരജ്യോതി കണ്ടു തൊഴാന്‍ അയ്യപ്പന്റെ പൂങ്കാവനത്തില്‍ നിറഞ്ഞ് കവിയുകയാണ് പര്‍ണ്ണശാലകള്‍. ഭക്തരുടെ വന്‍ ഒഴുക്കാണ് കഴിഞ്ഞ ദിവസം മുതല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇതിന് പുറമേ പുല്ലുമട്, സത്രം, വള്ളക്കടവ്, ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട്, പമ്പഹില്‍ടോപ്പ്, നീലിമല, അപ്പാച്ചിമേട് തുടങ്ങി ജ്യോതി ദൃശ്യമാകുന്ന എല്ലാ സ്ഥലങ്ങളിലും തീര്‍ത്ഥാടകര്‍ തമ്പടിച്ച് തുടങ്ങി.
സന്നിധാനത്തോട് ചേര്‍ന്നുള്ള പാണ്ടിത്താവളം, വാട്ടര്‍ ടാങ്ക്, ഉരക്കുഴി, പുല്ലുമേട് പാത എന്നിവിടങ്ങളില്‍ വനത്തിലെ അടിക്കാടുകള്‍ തെളിച്ചാണ് ഭക്തര്‍ പര്‍ണശാലകള്‍ ഉയര്‍ത്തിയിരിക്കുന്നത്. നിലവില്‍ പതിനെട്ടാംപടി കയറി അയ്യപ്പദര്‍ശനവും നെയ്യഭിഷേകവും നടത്തിയ തീര്‍ത്ഥാടകരിലേറെയും മലയിറങ്ങുന്നില്ല.
തീർത്ഥാടകരെ നാളെ 11.30 ന് ശേഷം മല ചവിട്ടാൻ അനുവദിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം ഭക്തർ സന്നിധാനത്തും, പരിസര പ്രദേശങ്ങളിലുമായി മകരവിളക്ക് ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം അധികൃതർ പറഞ്ഞു.