ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേതൃത്വം വഹിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് തുടക്കമാവും.
രാവിലെ പതിനൊന്നോടെ മണിപ്പൂരിലെ ഇംഫാലിൽ എത്തുന്ന രാഹുൽ കൊങ്‌ജോമിലെ യുദ്ധസ്മാരകത്തിൽ ആദരവ് അർപ്പിച്ച ശേഷമാകും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക.
മല്ലികാർജുൻ ഖാർഗെ, എഐസിസി അംഗങ്ങൾ എംപിമാർ ഉൾപ്പെടെയുള്ളവർ ആദ്യദിനം പരിപാടിയുടെ ഭാഗമാവും. 66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും. ഇന്ത്യയുടെ കിഴക്കു മുതൽ പടിഞ്ഞാറ് വരെയാണ് രാഹുൽ യാത്ര നടത്തുക.
ആദ്യ യാത്ര കാൽനടയായിരുന്നുവെങ്കിൽ ഇപ്പോഴത്തെ യാത്ര ബസിലായിരിക്കും രാഹുൽ നടത്തുക. യാത്രയിലൂടെ നീളം വിവിധ വിഭാഗങ്ങളിലെ ആളുകളുമായി രാഹുൽ സംവദിക്കും.
രാഹുൽ ഗാന്ധിയുടെ വയനാട് പാർലമെന്റ് മണ്ഡലത്തിലെ കോൺഗ്രസ് എം.എൽ.എമാരായ ടി.സിദ്ധിഖ്, ഐ.സി ബാലകൃഷ്ണൻ, എ.പി അനിൽകുമാർ, കെ.പി.സി.സിയുടെ ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ചെയർമാൻ സുമേഷ് അച്യുതൻ, കെ.പി.സി.സി വക്താവ് രാജു.പി.നായർ തുടങ്ങിയവർ പങ്കെടുക്കും. ഇന്നത്തെ പര്യടനം പൂർത്തിയാക്കി ഇവർ നാട്ടിലേക്ക് മടങ്ങും.
