മുംബൈ : ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ അടൽ സേതു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്ര ഗവർണർ രമേഷ് ബയാസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, സംസ്ഥാന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
മുൻ പ്രധാനമന്ത്രിയും അന്തരിച്ച ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്‌പേയിയുടെ പേരാണ് പാലത്തിന് നൽകിയിരിക്കുന്നത്. 18,000 കോടി രൂപ ചെലവിലാണ് 21.8 കിലോമീറ്റർ നീളമുള്ള ആറുവരി പാലം നിർമിച്ചിരിക്കുന്നത്.
2018ൽ നിർമാണം ആരംഭിച്ച പാലം പതിനെട്ട് മാസങ്ങൾക്കുള്ളിൽ പൊതുജനങ്ങൾക്ക് തുറന്നു നൽകാനാവുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ കോവിഡ് അടച്ചുപൂട്ടലുകളെ തുടർന്നാണ് നിർമാണം വൈകിയത്.
മൂന്ന് പതിറ്റാണ്ടിന്റെ സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ കടൽപ്പാലങ്ങളിൽ 12 ാം സ്ഥാനമാണ് അടൽ സേതുവിനുള്ളത്. മുംബൈയിലെ ഗതാഗതക്കുരുക്ക് കാരണം 1990കളിൽ ആലോചന തുടങ്ങിയ പദ്ധതി, 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്.
