കാന്‍പൂര്‍ : ടൈം മെഷീനിലൂടെ പ്രായം കുറക്കാമെന്ന് വാഗ്ദാനം നല്‍കി 35 കോടി തട്ടി ദമ്പതികള്‍. ഉത്തര്‍പ്രദേശ് കാന്‍പൂര്‍ സ്വദേശിയായ രാജീവ് ദുബെയും ഭാര്യ രശ്മിയുമാണ് തട്ടിപ്പ് നടത്തിയത്. ഇസ്രയേലില്‍ നിര്‍മിച്ച പ്രത്യേക ടൈം മെഷീനിലൂടെ 40 വര്‍ഷം പ്രായം കുറയ്ക്കാം എന്നായിരുന്നു വാഗ്ദാനം.
തട്ടിപ്പിന് ഇരയായ മൂന്നുപേര്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. കിഡ്വായ് നഗറില്‍ റിവൈവ് വേള്‍ഡ് എന്ന പേരില്‍ തെറാപ്പി സെന്റര്‍ ഇരുവരും നടത്തിയിരുന്നു. ഇതിന്റെ മറവിലായിരുന്നു തട്ടിപ്പ്. കാന്‍പൂരിലെ ഉയര്‍ന്ന മലിനീകരണമാണ് വേഗത്തില്‍ പ്രായമാകാന്‍ കാരണമാകുമെന്ന് ഇവര്‍ വിശ്വസിപ്പിക്കും. തങ്ങളുടെ കൈവശമുള്ള ടൈം മെഷീനിലൂടെ ഹൈപ്പര്‍ബാരിക് ഓക്‌സിജന്‍ തെറാപ്പി നടത്തിയാല്‍ മാസങ്ങള്‍ക്കുള്ളില്‍ ശരീരത്തെ ചെറുപ്പമാക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ് നടത്തിയത്.
90,000 രൂപയാണ് ഓരോ സെഷനും വാങ്ങിയിരുന്നത്. മണിചെയിന്‍ മാതൃകയില്‍ മറ്റുള്ളവരെ ചേര്‍ത്താല്‍ ഡിസ്‌ക്കൗണ്ടുകളും മറ്റും നല്‍കും. 10 ലക്ഷം രൂപ നഷ്ടപ്പെട്ട റീനു സിങ്ങാണ് പരാതിക്കാരി. നൂറോളം പേരെ ദമ്പതികള്‍ പറ്റിച്ചതായാണ് പരാതിയില്‍ പറയുന്നത്. തട്ടിപ്പ് പുറത്തുവന്നതോടെ ഒളിവില്‍ പോയ രാജീവ് ദുബെയ്ക്കും ഭാര്യ രശ്മിക്കും വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ഇവര്‍ രക്ഷപ്പെടാതിരിക്കാന്‍ വിമാനത്താവളത്തില്‍ ഉള്‍പ്പടെ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.