‘ജനങ്ങള്‍ കൈമാറുന്ന രഹസ്യവിവരങ്ങള്‍ പുറത്തുവിടുന്നവര്‍ സര്‍വീസിലുണ്ടാകില്ല’; മുന്നറിയിപ്പുമായി മന്ത്രി

പത്തനംതിട്ട: എക്‌സൈസിന് പൊതുജനങ്ങള്‍ കൈമാറുന്ന രഹസ്യവിവരങ്ങള്‍ പുറത്തുവിടുന്നവര്‍ സര്‍വീസിലുണ്ടാകില്ലെന്ന മുന്നറിയിപ്പുമായി മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രി അടക്കം ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെത്തുന്ന മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതില്‍ വകുപ്പിന് പരിമിതികളുണ്ട്. കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമാണെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇവിടെ കേസുകള്‍ കൂടുന്നുവെന്ന പ്രചാരണം നടക്കുന്നത്. പഞ്ചാബിനേക്കാള്‍ മൂന്നിരട്ടി കേസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തുവെന്നത് യാഥാര്‍ഥ്യമാണ്. ചെറിയ അളവിലുള്ള മയക്കുമരുന്ന് പോലും കേരളത്തില്‍ പിടികൂടി കേസെടുക്കുന്നുണ്ട്. ലഹരികേസുകളില്‍ 25 ശതമാനം ആളുകള്‍ മാത്രം അയല്‍ സംസ്ഥാനങ്ങളില്‍ ശിക്ഷിക്കപ്പെടുമ്പോള്‍ കേരളത്തില്‍ 96 ശതമാനം പേരും ശിക്ഷിക്കപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

25,000 കോടി രൂപ വിപണി മൂല്യമുള്ള മയക്കുമരുന്നാണ് 2024 -25 വര്‍ഷം രാജ്യത്ത് പിടികൂടിയത്. തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 16,000 കോടി രൂപയുടേതായിരുന്നു. ഒരുവര്‍ഷത്തിനുള്ളില്‍ 55 ശതമാനം വര്‍ധനയുണ്ടായി. കേസുകളുടെ എണ്ണം കൂടി നില്‍ക്കുമ്പോഴും കേരളത്തില്‍ കഴിഞ്ഞവര്‍ഷം പിടികൂടിയ മയക്കുമരുന്നിന്റെ വിപണിമൂല്യം 100 കോടി രൂപയില്‍ താഴെയാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!