മുംബൈ ഭീകരാക്രമണത്തിന് പരിശീലനം നൽകിയ ഹാഫിസ് അബ്ദുൾ സലാം ഭൂട്ടവിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് യു എൻ

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻമാരിൽ ഒരാളായ ഹാഫിസ് അബ്ദുൾ സലാം ഭൂട്ടവി മരണപ്പെട്ടതായി യു എൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലഷ്കർ ഇ ത്വയ്ബയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ഹാഫിസ് അബ്ദുൾ സലാം ഭൂട്ടവി. മുംബൈയിൽ ഭീകരാക്രമണം നടത്തിയ ഇസ്ലാമിക തീവ്രവാദികൾക്ക് പരിശീലനം നൽകിയത് ഭൂട്ടവി ആണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

പാകിസ്താൻ സർക്കാരിന്റെ കസ്റ്റഡിയിൽ ഇരിക്കെ ഹൃദയാഘാതം മൂലമായിരുന്നു ഭൂട്ടവിയുടെ മരണം എന്നാണ് യു എൻ വ്യക്തമാക്കുന്നത്. ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി കൂടിയായിരുന്നു ഹാഫിസ് അബ്ദുൾ സലാം ഭൂട്ടവി. ഭീകരതയ്ക്ക്
സാമ്പത്തിക സഹായം നൽകിയ കേസിൽ പാകിസ്താനിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇയാൾ. കഴിഞ്ഞ വർഷം മെയ് മാസത്തിൽ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ജയിലിൽ വച്ചാണ് ഭൂട്ടവി മരിച്ചത് എന്നാണ് യുഎൻ വൃത്തങ്ങൾ അറിയിക്കുന്നത്.

2019 ഒക്‌ടോബർ മുതൽ ലാഹോറിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ഷെയ്‌ഖുപുരയിലെ ജില്ലാ ജയിലിൽ തടവിലായിരുന്നു ഭൂട്ടവി. ഭീകരർക്ക് സാമ്പത്തിക സഹായം നൽകിയ കേസിൽ ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി 2020ലാണ് ഭൂട്ടവിയെ 16 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!