30 വര്‍ഷം ഒളിവില്‍, നിരവധി ബോംബ് സ്‌ഫോടനക്കേസിലെ പ്രതി; അബൂബക്കര്‍ സിദ്ദിഖ് പിടിയില്‍

ചെന്നൈ: ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരനും ഭീകരനുമായ അബൂബക്കര്‍ സിദ്ദിഖ് (60)പിടിയില്‍. ആന്ധ്രാപ്രദേശിലെ ഒളിസങ്കേതത്തില്‍ നിന്നാണ് അബൂബക്കറിനെ തമിഴ്‌നാട് പൊലീസിന്റെ ഭീകരവിരുദ്ധ സേന പിടികൂടിയത്. തമിഴ്‌നാട് നാഗൂര്‍ സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖ് 1995 മുതല്‍ ഒളിവില്‍ കഴിയുകയായിരുന്നു. നിരോധിത സംഘടനയായ തമിഴ്‌നാട്ടിലെ അല്‍-ഉമ അടക്കമുള്ള സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയ കേസില്‍ പ്രതിയാണ് അബൂബക്കര്‍ സിദ്ദിഖ്. അബൂബക്കറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി ഒട്ടേറെ സ്‌ഫോടന കേസുകളില്‍ പ്രതിയാണ് അബൂബക്കര്‍ സിദ്ദിഖ്. 1999ലെ ബംഗളൂരു സ്ഫോടനം, 2011ല്‍ മുന്‍ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനിയുടെ രഥയാത്രയെ ലക്ഷ്യമിട്ട് മധുരയിലുണ്ടായ പൈപ്പ് ബോംബ് സ്‌ഫോടനം, 1991ലെ ചെന്നൈ ഹിന്ദു മുന്നണി ഓഫീസ് സ്ഫോടനം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. നാഗൂരിലുണ്ടായ പാഴ്‌സല്‍ ബോംബ് സ്‌ഫോടനം, 1997ല്‍ ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍ അടക്കം ഏഴ് സ്ഥലങ്ങളിലുണ്ടായ സ്‌ഫോടനം, ചെന്നൈ എഗ്മൂര്‍ പൊലീസ് കമ്മീഷണര്‍ ഓഫീസ് സ്‌ഫോടനം, 2012ലെ വെല്ലൂര്‍ അരവിന്ദ് റെഡ്ഡി കൊലപാതകം, 2013ല്‍ ബംഗളൂരുവിലെ മല്ലേശ്വരം ബിജെപി ഓഫീസ് സ്‌ഫോടനം തുടങ്ങി നിരവധി ബോംബ് സ്‌ഫോടന കേസുകളുടെ സൂത്രധാരനുമാണ്. ഒളിവില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് അലിയെയും തമിഴ്‌നാട് പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാള്‍ 1999 മുതല്‍ ഒളിവിലായിരുന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയില്‍ നിന്ന് അബൂബക്കര്‍ സിദ്ദിഖ് പിടിയിലായത്. പിടിയിലായ രണ്ടു പേരെയും വൈകാതെ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കും. അബൂബക്കറിനെ പിടികൂടാനായത് നിര്‍ണായക നേട്ടമാണെന്ന് എന്‍ഐഎയും തമിഴ്‌നാട് പൊലീസും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!