റഡാറിനെ വെട്ടിക്കും, പക്ഷിയുടെ രൂപം, ഒറ്റപ്പറക്കലില്‍ 18500 കിലോമീറ്റര്‍; ഇറാനെ ആക്രമിച്ച അമേരിക്കയുടെ ബി-2 ബോംബര്‍

വാഷിങ്ടണ്‍:  ഇസ്രയേല്‍ – ഇറാന്‍ യുദ്ധത്തില്‍ അമേരിക്കയും പങ്കാളി ആയിരിക്കുകയാണ്. സംഘര്‍ഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് അമേരിക്ക ആക്രമണത്തില്‍ പങ്കാളിയാകുന്നത്. ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കണമെന്ന് ഇസ്രയേല്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഫൊര്‍ദൊ പോലെ മലനിരകള്‍ക്കുള്ളില്‍ ഭൂഗര്‍ഭ കേന്ദ്രമാണ് അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ന്നത്.

ആക്രമണങ്ങള്‍ക്കായി യുഎസിന്റെ ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളാണ് ഇറാനില്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. അമേരിക്കയുടെ കൈവശം മാത്രമുള്ള ബി-2 വിമാനത്തിന് 15 ടണ്‍ ഭാരമുള്ള രണ്ട് ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍ കഴിയും. ഇറാന്‍ മലനിരകളില്‍ ഭൂഗര്‍ഭത്തില്‍ സ്ഥിതിചെയ്യുന്ന ഫൊര്‍ദോ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രം തകര്‍ക്കാന്‍ യുഎസിന്റെ സഹായം ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു. 

ലോകത്തിന്റെ ഏത് കോണിലും ആക്രമണം നടത്താന്‍ യുഎസിന് സാധിക്കുന്ന സ്ട്രാറ്റജിക് ബോംബര്‍ വിമാനമാണ് ബി2. നോര്‍ത്രോപ് ഗ്രമ്മന്‍ എന്ന യുഎസ് ആയുധ നിര്‍മാതാക്കളാണ് ഈ സവിശേഷമായ യുദ്ധവിമാനം വികസിപ്പിച്ചത്. ഹെവി ബോംബര്‍ എന്ന വിഭാഗത്തില്‍ പെടുന്ന ഈ യുദ്ധവിമാനത്തിന് 18,000 കിലോവരെ ഭാരമുള്ള ബോംബുകള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. ഒറ്റപ്പറക്കലില്‍ 18500 കിലോമീറ്റര്‍ ദൂരം വരെ ഇവയ്ക്ക് സഞ്ചരിക്കാന്‍ സാധിക്കും.

യുഎസ് വ്യോമസേനയുടെ പക്കല്‍ 19 ബി2 ബോംബറുകളുണ്ട്. റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവയുടെ രൂപഘടന. ഒരു ഭീമന്‍ പക്ഷി പറന്നുപോകുന്നതുപോലെയാണ് ദൂരെനിന്ന് നോക്കിയാല്‍ ഇവയെ കാണാനാകുക. ഇതിനൊപ്പം റഡാര്‍ ക്രോസ് സെക്ഷനില്‍ ഇവയെ ചെറിയൊരു പക്ഷിയുടെ അത്രയുമെ കാണിക്കു. ഇവയെ കണ്ടെത്തണമെങ്കില്‍ അതിശക്തമായ റഡാര്‍ സംവിധാനങ്ങള്‍ വേണം. നിലവില്‍ ഭൂരിഭാഗം രാജ്യങ്ങള്‍ക്കും ബി2 ബോംബറിനെ തിരിച്ചറിയാനുള്ള സംവിധാനങ്ങളില്ലെ ന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഎസിന്റെ പക്കല്‍ മാത്രമാണ് ബങ്കര്‍ ബസ്റ്റര്‍ ബോംബായ ജിബിയു-57എ/ബി എന്ന ബോംബുള്ളത്. 20 അടി നീളമുള്ള ഈ ബോംബ് പ്രയോഗിക്കാന്‍ യുഎസിന്റെ ബി2 ബോംബറിന് മാത്രമേ സാധിക്കു. 15 ടണ്ണോളം വരുന്ന ഈ ബോബിന് എത്രശക്തമായ കോണ്‍ക്രീറ്റ് കവചത്തെയും തുളഞ്ഞിറങ്ങി ഉള്ളില്‍ ചെന്ന് കനത്ത സ്ഫോടനം നടത്താനുള്ള ശേഷിയുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!