ആഴ്ചയിലൊരിക്കൽ മാത്രം ആരാധനക്ക് തുറക്കുന്ന ക്ഷേത്രത്തിൽ അതിഥി എത്തുന്നത് രണ്ടാം തവണ…ഭീതിയിൽ ജനം…

നിലമ്പൂർ : കരടി ശല്യം കാരണം ഭീതിയിലാണ് പൂക്കോട്ടുംപാടം അമരമ്പലത്തെ നിവാസികൾ. ക്ഷേത്രത്തിലെ പൂജാദ്രവ്യങ്ങൾ ഭക്ഷിക്കാനായി കാടിറങ്ങുന്ന കരടിയുടെ മുമ്പിൽ പെടുമോ എന്ന ഭീതിയിലാണ് ജനങ്ങൾ. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ക്ഷേത്രത്തിലാണ്കരടിയെത്തുന്നത്. ഇന്നലെ ടി.കെ കോളനിയിലെ അയ്യപ്പ ക്ഷേത്രത്തിലാണ് കരടി എത്തിയത്. ആഴ്ചയിലൊരിക്കൽ മാത്രം ആരാധനക്ക് തുറക്കുന്ന ക്ഷേത്രത്തിൽ പുജാദ്രവ്യങ്ങൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തി.

ശുചീകരണത്തിനെത്തിയ ജീവനക്കാരാണ് ക്ഷേത്രത്തിലെ വാതിൽ തകർത്തതും 15 കിലോയോളം ശർക്കരയും എണ്ണയും തേനും ഭക്ഷിച്ചതും കണ്ടത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം പൊട്ടിക്കല്ലിലെ കുടുംബ ക്ഷേത്രത്തിലും കരടിയെത്തി വാതിൽ പൊളിച്ച് എണ്ണയും തേനും മറ്റും ഭക്ഷിച്ചിരുന്നു. മാസങ്ങൾ മുമ്പ് തേൾപ്പാറ അയ്യപ്പക്ഷേത്രത്തിൽ നിത്യസന്ദർശകനായ കരടിയെ വനംവകുപ്പ് അധികൃതർ കൂട് സ്ഥാപിച്ച് പിടികൂടി ഉൾവനത്തിൽ തുറന്ന് വിട്ടിരുന്നു. ഈ കരടി തന്നെയാണ് വീണ്ടും ക്ഷേത്രങ്ങളിൽ എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.

കഴിഞ്ഞ ആഴ്ചയാണ് നിലമ്പൂര്‍ പൂക്കോട്ടുംപാടത്തെ പൊട്ടിക്കലിലുള്ള പാറയ്ക്കല്‍ കുടുംബക്ഷേത്രത്തിൽ കരടിയെത്തിയത്. ക്ഷേത്രത്തിൽ കയറിയ കരടി വിഗ്രഹങ്ങള്‍ തട്ടിമറിക്കുകയും ക്ഷേത്രത്തിലെ മറ്റ് രണ്ട് മുറികളിലും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതായി ക്ഷേത്രം അധികൃതര്‍ വിശദമാക്കിയിരുന്നു. എണ്ണയും മറ്റ് പൂജാസാധനങ്ങളും സൂക്ഷിച്ചിരുന്ന പെട്ടി മറിച്ചിടാനും കരടി ശ്രമിച്ചിരുന്നു. അടുത്തിടെയായി പ്രദേശത്ത് വന്യജീവികളുടെ ശല്യം വര്‍ദ്ധിച്ചുവരുന്നതിനിടെയാണ് ഈ സംഭവം നാട്ടുകാരില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!