കൊച്ചി: തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. പ്രതി സവാദിനെ കണ്ണൂരില്‍ നിന്നാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടികൂടുന്നത്.
ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന്, മതനിന്ദ ആരോപിച്ച് 2010 ലാണ് കോളജ് അധ്യാപകനായ പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടുന്നത്. പ്രതിയായ സവാദ് എറണാകുളം അശമന്നൂര്‍ സ്വദേശിയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സവാദിനെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് അടക്കം വിവിധ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചെങ്കിലും പിടികൂടാനായിരുന്നില്ല.
കുറ്റകൃത്യം നടന്ന 2010 ജൂലൈ 4നു ആലുവയിൽ നിന്നു സവാദ് ബെംഗളൂരുവിലേക്കു കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സവാദിനെ കണ്ടെത്താനായി പാകിസ്ഥാൻ, ദുബായ് അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് എൻഐഎ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ ഇന്നു വൈകീട്ടോടെ കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. കൈവെട്ടു കേസില്‍ ആകെ 54 പ്രതികളാണ് ഉണ്ടായിരുന്നത്.
പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ കേസ് : ഒന്നാം പ്രതി 13 വർഷത്തിനു ശേഷം കണ്ണൂരില്‍ പിടിയില്‍
