തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും; ചൊവ്വാഴ്ച ശബരിമലയിൽ

പത്തനംതിട്ട: മകരസംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയോടെ പന്തളത്ത് നിന്ന് പുറപ്പെടും. കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവാഭരണങ്ങൾ ശിരസ്സിലേറ്റി ഘോഷയാത്രാ സംഘം മണികണ്ഠനാൽത്തറയിലേക്ക് നീങ്ങും.

ആദ്യ ദിവസം അയിരൂർ പുതിയകാവ് ദേവി ക്ഷേത്രത്തിൽ വിശ്രമിക്കും. രണ്ടാം ദിവസം ളാഹ സത്രത്തിലാണ് താവളം. ചൊവ്വാഴ്ച വൈകുന്നേരം ശബരിമലയിൽ എത്തിച്ചേരും. ഇത്തവണ രാജപ്രതിനിധിയായി തൃക്കേട്ടനാൾ രാമ വർമ്മരാജയാണ് ഘോഷയാത്രയെ നയിക്കുന്നത്. 26 പേരാണ് സംഘത്തില്‍ ഉള്ളത്. 14ന് വൈകിട്ട് അഞ്ചിന്‌ ശരംകുത്തിയിൽ എത്തിച്ചേരുന്ന ഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും സർക്കാർ പ്രതിനിധികളും ചേർന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.

വൈകിട്ട്‌ 6.15ന് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്റ്‌, അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരണം നൽകും. തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിക്കും. 14ന് രാവിലെ 8.45നാണ് മകരസംക്രമപൂജ.

15, 16, 17, 18 തീയതികളിൽ നെയ്യഭിഷേകത്തിന് ശേഷം തിരുവാഭരണം ചാർത്തിയ അയ്യപ്പനെ ദർശിക്കാം. പതിനെട്ടാം തീയതിവരെയാണ് നെയ്യഭിഷേകവും കളഭാഭിഷേകവും നടക്കുന്നത്. മകരവിളക്ക് ദിവസം മുതൽ മണിമണ്ഡപത്തിൽനിന്നും പതിനെട്ടാംപടിയിലേക്കുള്ള എഴുന്നള്ളത്ത് ആരംഭിക്കും. 18ന് ശരംകുത്തിയിലേക്കാണ് എഴുന്നള്ളത്ത്. 20ന് ശബരിമല നട അടക്കും. പന്തളരാജ പ്രതിനിധിക്ക് മാത്രമാണ് 20ന് ദർശനത്തിന് അവസരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!