റിയോ ഡി ജനീറോ: ഫുട്‌ബോള്‍ (Football) പോരാട്ടത്തിനിടെ താരങ്ങളും റഫറിമാരും തമ്മിലുള്ള കൈയാങ്കളി പുതുമയുള്ള കാര്യമല്ല. ഇപ്പോള്‍ ബ്രസീലില്‍ നടന്ന അണ്ടര്‍ 17 പോരാട്ടത്തിനിടെ നടന്ന കൈയാങ്കളിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
സാവോ പോളോ സോഷ്യല്‍സ് അണ്ടര്‍ 17 കളിക്കാരും റഫറിയും തമ്മിലുള്ള കൈയാങ്കളി കൂട്ടത്തല്ലിലാണ് കലാശിച്ചത്. ലൈന്‍ റഫറി ഒരു താരത്തിന്റെ മുഖത്തിനിട്ട് ഒന്നു പൊട്ടിച്ചതോടെ സഹ താരങ്ങളെല്ലാം ഓടിയെത്തി റഫറിയെ ചവിട്ടി വീഴ്ത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ ലൈന്‍ റഫറിക്കൊപ്പം മറ്റൊരു റഫറിയും താരങ്ങളെ നേരിടാന്‍ എത്തുന്നു. പിന്നെ എല്ലാവരും കൂടെയുള്ള കൂട്ടത്തലാണ് ഗ്രൗണ്ടില്‍ അരങ്ങേറിയത്. പിന്നാലെ എതിര്‍ ടീം താരങ്ങളും അങ്ങോട്ട് ഓടി വന്നു.
ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഇരു സംഘങ്ങളേയും പിടിച്ചു മാറ്റി. താരങ്ങളുടെ മാതാപിതാക്കള്‍ മാച്ച് ഓഫീഷ്യല്‍സിനെ തിരെ പൊലീസില്‍ പരാതി നല്‍കി.
സംഭവത്തില്‍ ഉള്‍പ്പെട്ട ലൈന്‍ റഫറിയെ ഇന്റര്‍ ക്ലബ് പോരാട്ടത്തില്‍ നിന്നു പുറത്താക്കി. ഇതുമായി ബന്ധപ്പെട്ട മറ്റ് ഒഫീഷ്യലുകള്‍ക്കു പിഴയും ചുമത്തി.
