എവറസ്റ്റ് കീഴടക്കി ഷൊര്‍ണൂര്‍ സ്വദേശി ശ്രീഷ; രണ്ടാമത്തെ മലയാളി വനിത…

പാലക്കാട്: എവറസ്റ്റ് കീഴടക്കി മലയാളിയായ ശ്രീഷ രവീന്ദ്രന്‍ . ഷൊര്‍ണൂര്‍ കണയംതിരുത്തിയില്‍ ചാങ്കത്ത് വീട്ടില്‍ സി രവീന്ദ്രന്റെ മകളായ ശ്രീഷയാണ് നേട്ടം സ്വന്തമാക്കിയത്. എവറസ്റ്റ് കീഴടക്കുന്ന രണ്ടാമത്തെ മലയാളി വനിതയാണ് ശ്രീഷ. ഏപ്രില്‍ ആദ്യ വാരത്തിലാണ് ശ്രീഷ എവറസ്റ്റ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചത്.

5,300 മീറ്റര്‍ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പില്‍ നിന്നും 6,900 മീറ്റര്‍ ഉയരമുള്ള ലോബുചെ പര്‍വതം വരെയുള്ള ആദ്യ ഘട്ടം ഏപ്രില്‍ 25ന് പൂര്‍ത്തിയാക്കി. മേയ് 15 നാണ് എവറസ്റ്റ് കയറ്റം തുടങ്ങിയത്. പിറ്റേന്ന് 6,400 മീറ്റര്‍ ഉയരമുള്ള ക്യാമ്പ് രണ്ടിലെത്തി. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം പതിനെട്ടാം തീയതി വെറും അഞ്ചരമണിക്കൂര്‍ കൊണ്ട് 7,100 മീറ്റര്‍ ഉയരത്തിലുള്ള ക്യാമ്പ്-മൂന്നിലെത്തി. 19ന് പുലര്‍ച്ചെ മൂന്നുമണിക്ക് 7,920 മീറ്റര്‍ ഉയരമുള്ള ക്യാമ്പ്-4 ലേക്കും അവിടെനിന്ന് എവറസ്റ്റിന്റെ ഉയരങ്ങളിലേക്കുമുള്ള യാത്ര. അതിശക്തമായ ഹിമക്കാറ്റില്‍ 11 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ മേയ് 20ന് രാവിലെ 10.30ന് ലക്ഷ്യത്തിലെത്തി.

ഇന്ത്യയിലും നേപ്പാളിലുമായി 6,000 മീറ്റര്‍ ഉയരമുള്ള 7 കൊടുമുടികളും, 7,000 മീറ്റര്‍ ഉയരമുള്ള രണ്ട് കൊടുമുടികളും ഉള്‍പ്പെടെ 15 ഓളം ഹിമാലയന്‍ കൊടുമുടികള്‍ ശ്രീഷ കീഴടക്കിയിട്ടുണ്ട്. ലോകത്തിലെ വലിയ 15 ഓളം കൊടുമുടികള്‍ കീഴടക്കി. ‘ജീവിതത്തില്‍ ഏറ്റവും സന്തോഷവും സമാധാനവും നല്‍കുന്ന കാര്യമാണ് എനിക്ക് മലകയറ്റം. ഓരോ സാഹസിക യാത്ര കഴിയുംതോറും ആത്മവിശ്വാസവും അടുത്ത ഉയരങ്ങള്‍ കീഴടക്കാന്‍ ഉള്ള പ്രചോദനവുമാണ് ലഭിക്കുന്നത്. കൊടുമുടി കീഴടക്കുന്നതിനേക്കാള്‍ അതിലേക്കുള്ള യാത്രയാണ് എന്നെ സംബന്ധിച്ച് വലുത്,’ ശ്രീഷ രവീന്ദ്രന്‍ പറഞ്ഞു.

ബംഗളൂരുവില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ശ്രീഷ നര്‍ത്തകി കൂടിയാണ്. ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുമാണ് ഇവര്‍. യുഎസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ജയറാം നായരാണ് ഭര്‍ത്താവ്. തായ്ക്വാന്‍ഡോ എഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവ് 12 വയസുകാരന്‍ നിരഞ്ജനാണ് മകന്‍. ജോലിയുടെ തിരക്കുകള്‍ക്കൊപ്പം, ഒരു അമ്മയുടെ ഉത്തരവാദിത്തങ്ങളും, പര്‍വതാരോഹണത്തിന്റെ ആവേശവും ഒരുപോലെ കൊണ്ടുപോകാന്‍ ശ്രീഷയ്ക്ക് കഴിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!