ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ പോലീസ് സേനയിൽ നിന്നും വിരമിക്കുന്നു

തിരുവനന്തപുരം : ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ പോലീസ് സേനയിൽ നിന്നും വിരമിക്കുന്നു

1987ല്‍ പൊലീസ് കോണ്‍സ്റ്റബിളായി സർവ്വീസിൽ കയറിയ വിജയൻ ഈ മാസം 30 നാണ് വിരമിക്കുന്നത്.
നാല് പതിറ്റാണ്ടോളം നീണ്ട ഔദ്യോഗിക ജീവിതത്തിനിടയില്‍ രണ്ട് തവണയായി പത്ത് വർഷത്തിലധികം പ്രഫഷനല്‍ ക്ലബുകളില്‍ കളിക്കാൻ സർവീസില്‍നിന്ന് വിട്ടുനിന്നു. വർഷങ്ങള്‍ക്കുശേഷം എ.എസ്.ഐയായി തിരിച്ചെത്തിയ വിജയൻ 2021ല്‍ എം.എസ്.പി അസി. കമാൻഡന്റായി. ഈ മാസം 30 നാണ് കാക്കി കുപ്പായമ‍ഴിക്കുന്നത്.

കേരള പൊലീസ് ടീമിന്റെ സുവർണകാലത്ത് തന്നെ അതിന്റെ ഭാഗമാകാൻ ഐ.എം വിജയന് കഴിഞ്ഞിരുന്നു. അക്കാലത്ത് ഇന്ത്യൻ ടീമിലെ പകുതി താരങ്ങളും പൊലീസില്‍നിന്നുള്ളവരായിരുന്നു. 1984 ലാണ് കേരള പൊലീസ് ഫുട്ബാള്‍ ടീം തുടങ്ങുന്നത് എണ്‍പതുകളുടെ അവസാനം മുതല്‍ തൊണ്ണൂറുകളുടെ പകുതിവരെ ടീമിന്റെ പ്രതാപകാലം. 1990ല്‍ തൃശൂരിലും 1991ല്‍ കണ്ണൂരിലും നടന്ന ഫെഡറേഷൻ കപ്പില്‍ കേരള പൊലീസ് കിരീടം ചൂടി.

വി.പി സത്യൻ, യു. ഷറഫലി, സി.വി പാപ്പച്ചൻ, കുരികേശ് മാത്യു, കെ.ടി ചാക്കോ എന്നിവർക്കൊപ്പം അന്നത്തെ സുവർണനിരയില്‍ വിജയനും ഇടം പിടിച്ചു. ഇതിനിടെ 1991ല്‍ കൊല്‍ക്കത്തൻ ക്ലബ്ബായ മോഹൻബഗാന് വേണ്ടി കളിക്കാൻപോയി. അടുത്തവർഷം തിരിച്ചുവന്നു.
1993ല്‍ സന്തോഷ് ട്രോഫി കിരീടംനേടിയ കേരള ടീമിലും അംഗമായി. അധികംവൈകാതെ വീണ്ടും പ്രഫഷണല്‍ ക്ലബ്ബുകളിലേക്ക് തിരിച്ചുപോയി. ഈസ്റ്റ് ബംഗാള്‍, ജെ.സി.ടി മില്‍സ് എന്വാര, എഫ്സി കൊച്ചിൻ, ചർച്ചില്‍ (ബ്രദേഴ്സ് തുടങ്ങിയ ടീമുകള്‍ക്കായി ബൂട്ടുകെട്ടിയ ശേഷം വീണ്ടും കേരള പൊലീസിലേക്ക് തിരികെ എത്തി.

1991ല്‍ തിരുവനന്തപുരം നെഹ്റു കപ്പില്‍ റുമാനിയക്കെതിരെ ഇന്ത്യൻ ജഴ്സിയില്‍ അരങ്ങേറ്റം നടത്തിയ വിജയൻ 88 മത്സരങ്ങളില്‍ നിന്ന് നേടിയത് 39 ഗോളുകളാണ്. 1998 ബാങ്കോക്ക് ഏഷ്യൻ ഗെയിംസിലും 2000 ഏഷ്യാ കപ്പിലുമായി രണ്ട് തവണ ഇന്ത്യൻ നായകക്കുപ്പായവുമിട്ടു.

1999 സാഫ് കപ്പില്‍ വിജയിച്ച ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന മലയാളി സ്ട്രൈക്കർ, ടൂർണമെന്റിനിടെ കായിക ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അന്താരാഷ്ട്ര ഗോളുകളിലൊന്ന് നേടി ചരിത്രത്തിന്റെ ഭാഗമായി. ഭൂട്ടാനെതിരെ മത്സരം ആരംഭിച്ച്‌ 12-ാം സെക്കന്റിലാണ് അദ്ദേഹം ലക്ഷ്യം കണ്ടത്. 1992, 1997, 2000 വർഷങ്ങളില്‍ അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) മികച്ച താരത്തിനുള്ള അവാർഡും സ്വന്തമാക്കി.
2003-ലെ ആഫ്രോ-ഏഷ്യൻ ഗെയിംസില്‍ നാലു ഗോളുകള്‍ നേടി ടോപ് സ്കോററായി. ആ ടൂർണമെന്റിന് ശേഷമാണ് അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!