കോഴിക്കോട് : കേരള തീരത്തിന് സമീപം വീണ്ടും കപ്പലപകടം. ചരക്ക് കപ്പലില്‍ തീപിടിത്തം. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 650 ഓളം കണ്ടെയ്‌നറുകളുമായി സഞ്ചരിച്ച കപ്പലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. വാന്‍ഹായ് 503 (WAN HAI 503 cargo ship) എന്ന സിംഗപ്പൂര്‍ ആസ്ഥാനമായ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ നാല്‍പതോളം ജീവനക്കാരുണ്ടെന്നുമാണ് വിവരം.
അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ കേരള തീരത്ത് ഇരുപത് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറി ബേപ്പൂരിനും – അഴീക്കലിനും ഇടയിലാണ് കപ്പല്‍ അപകടം സംഭവിച്ചത്. കോസ്റ്റ് ഗാര്‍ഡ്, നേവി തുടങ്ങിയ സുരക്ഷാ സേനകള്‍ അപകട സ്ഥലത്തേക്ക് തിരിച്ചു. കപ്പലുകളും വിമാനങ്ങളും രക്ഷാ ദൗത്യത്തില്‍ പങ്കാളികളാകുന്നുണ്ട്.
കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നല്കുവാൻ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിർദേശിച്ചിട്ടുണ്ട്.
