ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ഭീകരത പടര്‍ത്താന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നത് കശ്മീരിലെ വിനോദസഞ്ചാര മേഖലയെ തകര്‍ക്കാര്‍ ലക്ഷ്യമിട്ടായിരുന്നു.
ഇന്ത്യയില്‍ കലാപമുണ്ടാക്കലായിരുന്നു മറ്റൊരു ലക്ഷ്യം. കശ്മീരിലെ ചെനാബില്‍ ഐഫല്‍ ടവറിനെക്കാള്‍ ഉയരമുള്ള പാലം യാഥാര്‍ഥ്യമാക്കിയെന്ന് മോദി പറഞ്ഞു. 46,000 കോടി രൂപ ചെലവില്‍ ചെനാബില്‍ നിര്‍മിച്ച ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മാനവരാശിക്കും കശ്മീരിനും നേരെയുള്ള ആക്രമണമാണ് പഹല്‍ഗാമിലുണ്ടായത്. സമാധാനത്തിനും വിനോദ സഞ്ചാരത്തിനും പാവങ്ങളുടെ ജീവിതോപാധികള്‍ക്കും എതിരാണെന്ന് പാകിസ്ഥാന്‍ തെളിയിച്ചു. മേയ് ആറിന് പാക് ഭീകരര്‍ക്ക് മേല്‍ നാശം പെയ്തിറങ്ങി. ഓപറേഷന്‍ സിന്ദൂരെന്ന് കേള്‍ക്കുമ്പോഴെല്ലാം അവര്‍ക്കുണ്ടായ നാശവും തോല്‍വിയും മാത്രമാകും പാകിസ്ഥാന്റെ ഓര്‍മയിലേക്ക് വരികയെന്നും മോദി പറഞ്ഞു.
മനുഷ്യത്വത്തെയും കശ്മീരിന്റെ സാമുദായിക ഐക്യത്തെയുമാണ് പാകിസ്ഥാന്‍ ആക്രമിച്ചത്. ഇന്ത്യയില്‍ കലാപമുണ്ടാക്കുകയും കഠിനാധ്വാനികളായ കശ്മീരികളുടെ വരുമാനം മുടക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. അതുകൊണ്ടാണ് പാകിസ്ഥാന്‍ കശ്മീരിലെത്തിയ വിനോദ സഞ്ചാരികളെ ആക്രമിച്ചത്. കശ്മീരിലെ ജനങ്ങള്‍ക്ക് ഉപജീവനമാര്‍ഗമായ ടൂറിസത്തെയാണ് അവര്‍ ലക്ഷ്യമിട്ടത്. എന്നാല്‍, ഇന്ത്യ ഇത്രയും ആഴത്തില്‍ തിരിച്ചടി നടത്തുമെന്ന് പാകിസ്ഥാന്‍ ഒരിക്കലും കരുതിയിരുന്നില്ല. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ അവശിഷ്ടങ്ങളായി മാറി. അതിനുശേഷം പാകിസ്ഥാന്‍ കശ്മീരിലെ വീടുകള്‍ക്കും കുട്ടികള്‍ക്കും ആശുപത്രികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും നേരേ ആക്രമണം നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
