ബംഗളുരു: ആർ.സി.ബി ഐ.പി.എല്‍ കിരീടം നേടിയതിന്റെ വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതർക്ക് കർണാടക സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റവരുടെ ചികിത്സാചെലവ് പൂർണമായും സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപകടത്തില്‍ 11 പേരാണ് മരിച്ചത്. 47 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ അപകടനില തരണം ചെയ്തു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ദിവ്യാംശി (13), ശ്രാവണ്‍ (21), ഭൂമിക് , സഹാന, ദേവി, ശിവു (17), മനോജ് എന്നിവരാണ് മരിച്ചത്. തിരിച്ചറിയാത്ത മൂന്നുപേരുടെ മൃതദേഹം വൈദേഹി , ബൗറിംഗ് ആശുപത്രികളിലാണ്. 35000 പേർക്ക് ഇരിക്കാൻ കഴിയുന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മൂന്നു ലക്ഷത്തോളം പേരാണ് എത്തിയത്. ഇവിടെ ഇത്രയധികം ആളുകള്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിക്ടറി പരേഡിന് അനുമതി നല്‍കിയിരുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ആഘോഷ പരിപാടിയുമായി ബന്ധമില്ലെന്ന് ഐ.പി.എല്‍ അധികൃതർ അറിയിച്ചിരുന്നു. മരണസംഖ്യ ഉയരുന്നതിനിടെ ആഘോഷം നടത്തിയ ആർ.സി.ബി ടീമിനെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്. പൊലീസിന് പഴി പറയാനാകില്ലെന്നും എല്ലാ ക്രമീകരണങ്ങളും ചെയ്തിരുന്നുവെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. എന്നാല്‍ എല്ലാ ഉത്തരവാദിത്വവും സർക്കാരിനാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്
