ദേശീയപാതയിൽ വീണ്ടും വിള്ളൽ… ഗതാഗതം നിർത്തിവെച്ചു…

മലപ്പുറത്ത് ദേശീയപാതയിൽ വീണ്ടും വിള്ളൽ. ഇതിനേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിർത്തിവെച്ചു. തലപ്പാറ വലിയപറമ്പിലാണ് ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്. ഓവുപാലം താഴുകയും ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തലപ്പാറയ്ക്കും കൊളപ്പുറത്തിനും ഇടയിൽ വികെ പടി വലിയപറമ്പിലാണ് സംഭവമുണ്ടായത്. ദേശീയപാത ആറുവരിയാക്കുന്നതിൻറെ ഭാഗമായി മണ്ണിട്ടുയർത്തിയ ഭാഗത്തെ ഭിത്തിയിലെ കട്ടകളിലാണ് വിള്ളൽ കണ്ടെത്തിയത്.

ഇവിടെ ദേശീയപാതയ്ക്ക് കുറുകെയുള്ള ഓവുപാലം അപകടകരമായ രീതിയിൽ താഴ്ന്നിട്ടുമുണ്ട്. ഇതോടെ ദേശീയപാതയിൽ സുരക്ഷാഭീഷണി ഉയർന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിർത്തിവെച്ചു. നേരത്തെ ദേശീയപാത തകർന്നുവീണ കൂരിയാടുനിന്ന് മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് ഇപ്പോൾ വിള്ളൽ കണ്ടെത്തിയ ഭാഗം.

ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയ സ്ഥലത്ത് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചു. സംസ്ഥാനത്തെ പുതിയ പാതയിൽ സംഭവിക്കുന്നത് ഗൗരവുമുള്ള വിഷയങ്ങളാണെന്ന് സ്ഥലം സന്ദർശിച്ച പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. പറഞ്ഞു. പരിശോധനകൾ നടത്തി പരിഹാരം കാണാൻ ഇനിയും വൈകരുത്. ഭയമില്ലാതെ സഞ്ചരിക്കാനുള്ള സാഹചര്യം ഉണ്ടാകണം. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്. നടപടികൾ വൈകിയാൽ പ്രതിഷേധങ്ങളുമായി പ്രതിപക്ഷം മുന്നോട്ടുവരുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!