‘അന്‍വര്‍ വിഷയം വഷളാക്കി, യുഡിഎഫില്‍ അവഗണന’ ഇങ്ങനെ പോയാൽ, തുടരുന്നത് ബുദ്ധിമുട്ടെന്ന് ലീഗ് : സാഹചര്യം ഗൗരവതരമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ മുസ്ലിംലീഗ് യോഗത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം. പി.വി. അന്‍വര്‍ വിഷയം കോണ്‍ഗ്രസ് നേതൃത്വം വഷളാക്കിയയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഏകാധിപത്യ പ്രവണതയെന്നും യോഗത്തില്‍ വിലയിരുത്തല്‍. പ്രശ്‌നം ഗൗരവതരമെന്ന് മുതിര്‍ന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി യോഗത്തില്‍ അഭിപ്രായപ്പെട്ടു.

പി.വി. അന്‍വര്‍ വിഷയത്തില്‍ വി.ഡി. സതീശന്‍ അനാവശ്യ വാശി കാണിച്ചു. പ്രതിപക്ഷ നേതാവ് മുന്നണി മര്യാദ കാണിച്ചില്ല. സതീശനും അന്‍വറും കാരണം പ്രശ്‌നങ്ങള്‍ നീണ്ടുപോയി. ലീഗിന് ഒരു കാലത്തും ഇല്ലാത്ത അവഗണയാണ് കോണ്‍ഗ്രസില്‍ നിന്നും ഉണ്ടാവുന്നത്. ഇങ്ങനെ പോയാല്‍ പാര്‍ട്ടിക്ക് വേറെ വഴി നോക്കേണ്ടി വരുമെന്നും ചില ലീഗ് നേതാക്കൾ അഭിപ്രായപ്പെട്ടതായാണ് വിവരം.  

2026-ലെ തിരെഞ്ഞെടുപ്പ് ആണ് പ്രധാനവിഷയം എന്നും അതാരും ഓര്‍ത്തില്ലെന്നും ലീഗ് കുറ്റപ്പെടുത്തി. കെ.എം. ഷാജിയും എം.കെ. മുനീറും ഉള്‍പ്പടെയുള്ള നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ചത്. പ്രശ്‌നം ഗൗരവതരമെന്ന് മുതിര്‍ന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിഭാഗീയത തിരിച്ചടിയാകരുത് എന്നും ലീഗ് ഓര്‍മിപ്പിച്ചു.

തിരഞ്ഞെടുപ്പില്‍ വിഭാഗീയ സ്വരങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് നോതൃത്വത്തോട് അവശ്യപ്പെടും. ഇതിന്റെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പരാതി അറിയിക്കാനും ലീഗ് യോഗത്തില്‍ ധാരണയായിട്ടുണ്ട്. പി.വി. അന്‍വര്‍ മത്സരിച്ചാലും നിലമ്പൂരില്‍ വിജയസാധ്യതയുണ്ടന്ന് യോഗം വിലയിരുത്തി. എന്തുതന്നെയായാലും നിലമ്പൂരില്‍ ജയം ഉറപ്പാക്കാന്‍ ലീഗ് കയ്യും മെയ്യും മറന്ന് പോരാടുമെന്നും നേതാക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!