കോട്ടയം : ഇന്ന് പുതിയ അധ്യയന വർഷത്തിന് തുടക്കമാവുകയാണ്. കുട്ടികൾക്ക് ആശംസകൾ നേർന്നുള്ള കോട്ടയം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി…
പുതിയ അധ്യയന വർഷത്തിൽ ആശംസകൾ നേർന്നാണ് കളക്ടറുടെ സന്ദേശം.
പോസ്റ്റിൽ ഒരു എളിയ അഭ്യർത്ഥന കൂടിയുണ്ട്.. മഴയെന്ന് മുറവിളികൂട്ടി അവധി മാത്രം ചോദിക്കരുത്. അതിൻ്റെ ഗൗരവം മനസിലാക്കി അവധി തന്നോളാമെന്നാണ് ഉറപ്പ് കൊടുത്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം:
കോട്ടയം ജില്ലയിലെ എൻ്റെ പ്രിയപ്പെട്ട കുഞ്ഞനുജന്മാരും അനുജത്തിമാരുമായ വിദ്യാർത്ഥികളെ,
ആദ്യം തന്നെ നിങ്ങളെ എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കട്ടെ.
നാളെ ഒരു പുതിയ അധ്യയന വർഷം ആരംഭിക്കുകയാണല്ലോ. പുത്തൻ വസ്ത്രങ്ങളും പുതിയ പുസ്തകങ്ങളുമായി വീണ്ടും ഒരിക്കൽ കൂടി വിദ്യാലയത്തിലേക്ക് പ്രവേശിക്കുകയാണ്.
വിദ്യാലയജീവിതം ഒരു അവിസ്മരണീയമായ അനുഭവമാണ്. ചുറ്റിനും പുഞ്ചിരിക്കുന്ന മുഖങ്ങളുമായി കൂട്ടുകാരും വിദ്യ പകർന്നു നൽകാൻ അധ്യാപകരും.
പിണക്കവും കരച്ചിലും സങ്കടങ്ങളും സന്തോഷവുമായി ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുരുന്നുകൾ… കുരുന്നുകൾക്ക് മധുരം വിളമ്പി സ്വീകരിക്കാനായി പ്രവേശനോത്സവം… എല്ലാം കൊണ്ടും ഹൃദ്യമായ, മറക്കാൻ കഴിയാത്ത അനുഭവം.
ഒരു എളിയ അഭ്യർത്ഥന മാത്രം. മഴയെന്ന് മുറവിളികൂട്ടി അവധി മാത്രം ചോദിക്കരുത്. അതിൻ്റെ ഗൗരവം മനസിലാക്കി അവധി തന്നോളാം.
മഴയും മഞ്ഞും വെയിലും പ്രകൃതിവച്ചു നീട്ടുന്ന വരങ്ങളാണ്. അതേറ്റു തന്നെ നമ്മൾ മുന്നേറണം. ഇവയെല്ലാം ഏറ്റ് പ്രതിരോധശേഷി വർധിപ്പിക്കണം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ. ആരോഗ്യമുള്ള മനസുണ്ടായാൽ നിങ്ങൾ ഒരു പ്രതിസന്ധിയിലും തോൽക്കില്ല.
മഴയും വെള്ളപ്പൊക്കവും മൂലം ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്ന നമ്മുടെ കൊച്ചുകൂട്ടുകാരുണ്ട്. അവർക്ക് നാളെ പ്രവേശനോൽസവത്തിൽ പങ്കെടുക്കാൻ കഴിയുന്നില്ല. അവരെ നമുക്ക് മനസോടു ചേർത്ത് പിടിക്കാം. അവർക്ക് നിങ്ങളുടെ ഹൃദയത്തിൻ്റെ ഭാഷയിൽ ഇന്നു തന്നെ ഒരു ഹായ് പറയാം.
എൻ്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ, നിങ്ങൾ നാളെയുടെ വാഗ്ദാനങ്ങളാണ്.
വിദ്യയോടൊപ്പം സ്നേഹവും സഹാനുഭൂതിയും ഉള്ളവരായി തീരട്ടെ.
സർവൈശ്വര്യങ്ങളും നേരുന്നു.
സസ്നേഹം,
നിങ്ങളുടെ സ്വന്തം ജില്ലാ കളക്ടർ, കോട്ടയം
