ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന 370-ാം അനുച്ഛേദം പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ഭീകരവാദത്തിന് എതിരായ നടപടി വിശദീകരിക്കുന്നതിനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമായി ഇന്തോനേഷ്യയില്‍ അക്കാദമിക പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ പരാമര്‍ശം.
2019 ല്‍ ഇന്ത്യന്‍ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയത് ജമ്മു കശ്മീരിലെ ദീര്‍ഘകാലമായുള്ള വിഘടനവാദ പ്രശ്‌നം അവസാനിപ്പിച്ചുവെന്നും ഇത് മേഖലയില്‍ അഭിവൃദ്ധിക്ക് കാരണമായെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. കശ്മീരിനെ ഒരുപാട് കാലമായി ഒരു പ്രശ്‌നം പിടികൂടിയിരുന്നു. കശ്മീര്‍ പൂര്‍ണമായും രാജ്യത്തെ മറ്റു ഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമാണെന്നും വിഘടിച്ചു നില്‍ക്കുകയാണെന്നുമുള്ള പ്രതീതി ഉണ്ടാക്കിയിരുന്നു ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതോടെ അത് ഇല്ലാതായി. ഇതോടെ പ്രദേശത്ത് വിഘടനവാദം അവസാനിച്ചുവെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
370-ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷം ജമ്മു കശ്മീരിലെ അന്തരീക്ഷം പുരോഗതി കൈവരിച്ചിട്ടുണ്ട്. പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ 65 ശതമാനം പോളിങ് രേഖപ്പെടുത്തി. കേന്ദ്രഭരണ പ്രദേശത്ത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ രൂപീകരണവും നടന്നു. പ്രദേശത്തുണ്ടായ അഭിവൃദ്ധി ഇല്ലാതെയാക്കാന്‍ ശ്രമം നടക്കുകയാണെന്നും ഖുര്‍ഷിദ് പറഞ്ഞു.
ജനതാദള്‍ (യുണൈറ്റഡ്) എംപി സഞ്ജയ് കുമാര്‍ ഝായുടെ നേതൃത്വത്തിലുള്ള ബഹുകക്ഷി പ്രതിനിധി സംഘത്തോടൊപ്പമാണ് സല്‍മാന്‍ ഖുര്‍ഷിദ് ഇന്തോനേഷ്യയില്‍ എത്തിയത്. ബിജെപി എംപിമാരായ അപരാജിത സാരംഗി, ബ്രിജ് ലാല്‍, പ്രദാന്‍ ബറുവ, ഹേമാങ് ജോഷി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഭിഷേക് ബാനര്‍ജി, സിപിഎമ്മിന്റെ ജോണ്‍ ബ്രിട്ടാസ്, മുന്‍ ഇന്ത്യന്‍ അംബാസഡര്‍ മോഹന്‍ കുമാര്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.
